സിബിസിഐയുടെ ദളിത് ശാക്തീകരണ നയം പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിക്കണം

Published on

സഭയ്ക്കുള്ളില്‍ ജാതിവിവേചനത്തിന്‍റേതായ എല്ലാ സമീപനങ്ങളും പൂര്‍ണമായി ഒഴിവാക്കാനും സഭയില്‍ പ്രത്യേക പരിഗണന നല്‍കി ദളിത് സഹോദരങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ലക്ഷ്യം വച്ചുകൊണ്ട് ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി പ്രസിദ്ധീകരിച്ചിട്ടുള്ള ദളിത് ശാക്തീകരണ നയം പഠിക്കുന്നതിനും പ്രാവര്‍ത്തികമാക്കുന്നതിനും സഭാ സമൂഹം ഒന്നിച്ചു പരിശ്രമിക്കണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ എസ് സി, എസ് ടി, ബിസി കമ്മീഷന്‍ അനുസ്മരിപ്പിച്ചു. ആഗസ്റ്റ് 18 ന് ഭാരതസഭ നീതിഞായറായി (ജസ്റ്റിസ് സണ്‍ഡേ) ആചരിക്കുന്നതിനോടനുബന്ധിച്ചു പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

ക്രിസ്തുമതം സ്വീകരിച്ചതിന്‍റെ പേരില്‍ തുല്യ നീതി നിഷേധിക്കപ്പെടുന്ന ദളിത് ക്രൈസ്തവരോടുള്ള ഐക്യദാര്‍ഢ്യം നവീകരിക്കണമെന്നും ദളിത് ക്രൈസ്തവരുടെ ക്ഷേമത്തിനായി ഉദാരമായി സഹകരിക്കണമെന്നും സര്‍ക്കുലറില്‍ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, വൈസ് ചെയര്‍മാന്മാരായ ബിഷപ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ എന്നിവര്‍ സംയുക്തമായി ആഹ്വാനം ചെയ്തു.

ദളിത് കത്തോലിക്കാ മഹാജനസഭ എന്ന പ്രസ്ഥാനത്തിലൂടെയാണ് ദളിത് സഹോദരങ്ങളുടെ സമഗ്ര വികസനത്തിനായി സഭ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. സാമൂഹിക, രാഷ്ട്രീയ, സാംസ്ക്കാരിക രംഗങ്ങളിലെല്ലാം ദളിത് ക്രൈസ്തവരുടെ പങ്കാളിത്തം വര്‍ദ്ധിക്കേണ്ടതുണ്ട്. ഭവനനിര്‍മ്മാണം, വിദ്യാഭ്യാസ പ്രോത്സാഹനം, നേതൃത്വ പരിശീലനം, കരിയര്‍ ഗൈഡന്‍സ് തുടങ്ങിയ മേഖലകളില്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയെ നേരില്‍കണ്ട് ദളിത് ക്രൈസ്തവ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുകയുണ്ടായെന്നും സര്‍ക്കുലറില്‍ പറയുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി വിവിധ സന്യസ്ത സഭകളുടെയും ഭക്തസംഘടനകളുടെയും രൂപതകളുടെയും സഹകരണത്തോടെ 300 ദളിത് കത്തോലിക്കാ കുടുംബങ്ങള്‍ക്ക് ഭവനനിര്‍മ്മാണത്തിനായി അഞ്ചേകാല്‍ കോടി രൂപയും വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിനായി മൂന്നരലക്ഷം രൂപയും ധനസഹായം നല്‍കി. വരും വര്‍ഷങ്ങളില്‍ ഭവനനിര്‍മ്മാണം, വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്, ടാലന്‍റ് ആന്‍റ് സ്കില്‍ ഡവലപ്മെന്‍റ് പ്രോഗ്രാം തുടങ്ങിയവ ഉദ്ദേശിക്കുന്നതായും സര്‍ക്കുലറില്‍ കമ്മീഷന്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org