ഡല്‍ഹി: ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി( സി ബി സി ഐ) യുടെ കീഴിലെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്ത്യയുടെ ആരോഗ്യ പരിപാലന ശുശ്രൂഷകള്‍ക്ക് അംഗീകാരം. കൊവിഡ് 19ന്റെ സാഹചര്യത്തില്‍ രാജ്യമെങ്ങും നടത്തിയ ആരോഗ്യ സേവനങ്ങളെ അടിസ്ഥാനമാക്കി മികച്ച സന്നദ്ധ സംഘടനയ്ക്കുള്ള 2020ലെ അവാര്‍ഡാണ് കാരിത്താസ് ഇന്ത്യയ്ക്കു നല്‍കിയത്. മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് 2015 മുതല്‍ പ്രമുഖ മാധ്യമ ഗ്രൂപ്പായ ഇന്ത്യാ ടുഡേ നല്‍കി വരുന്ന അവാര്‍ഡാണിത്. കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ വകുപ്പു മന്ത്രി ഹര്‍ഷ് വര്‍ദ്ധനില്‍ നിന്ന് കാരിത്താസ് ഇന്ത്യ എക്‌സി. ഡയറക്ടര്‍ ഫാ.പോള്‍ മൂഞ്ഞേലി അവാര്‍ഡ് ഏറ്റുവാങ്ങി.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ബോധവത്കരണത്തില്‍ പ്രശസ്ത വ്യക്തികളുടെ സംഭാവന , മികച്ച പരിശോനാ സൗകര്യങ്ങള്‍ തുടങ്ങി ഒമ്പതു വിഭാഗങ്ങളിലായിട്ടാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. അതില്‍ ആരോഗ്യ രംഗത്തെ മികച്ച സന്നദ്ധ സംഘടനയ്ക്കുള്ള അവാര്‍ഡാണ് കാരിത്താസ് ഇന്ത്യയ്ക്കു നല്‍കപ്പെട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അഹോരാത്രം വ്യാപ്രതരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്നദ്ധ സേവകര്‍ക്കും അവാര്‍ഡു സമര്‍പ്പിക്കുന്നതായി ഫാ. പോള്‍ മൂഞ്ഞേലി പറഞ്ഞു.