ബിഷപ് സൈമൺ സ്റ്റോക്ക് പാലാത്ര CMI അന്തരിച്ചു

ബിഷപ് സൈമൺ സ്റ്റോക്ക് പാലാത്ര CMI അന്തരിച്ചു

ജഗദൽപൂർ : ജഗദൽപൂർ സീറോമലബാർ രൂപതയുടെ എമിരിത്തൂസ് ബിഷപ്പ് സൈമൺ സ്റ്റോക്ക് പാലാത്ര CMI (87 ) അന്തരിച്ചു. ജഗദൽപൂരിലെ MPM ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

മൃതസംസ്കാര ശുശ്രൂഷകൾ ജഗദൽപ്പൂരിലെ സെ. ജോസഫ് കത്തീഡ്രലിൽ നവംബർ 22 ചൊവ്വാഴ്ച്ച ഉച്ചക്ക് രണ്ടുമണിക്ക് നടക്കുമെന്ന് ബിഷപ്പ് ജോസഫ് കൊല്ലംപറമ്പിൽ CMI അറിയിച്ചു.

1935 ഒക്ടോബർ 11 നു ചങ്ങനാശ്ശേരി പാലാത്ര ഫിലിപ്പ്, മേരി ദമ്പതികളുടെ മകനായി ജനിച്ച സൈമൺ ചങ്ങനാശ്ശേരി SB ഹൈസ്‌കൂളിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം 1954 ൽ മാന്നാനത്തെ CMI ആശ്രമത്തിൽ ചേർന്നു. തുടർന്ന് 1958 ൽ CMI സഭാംഗമായി പ്രഥമ വ്രതവാഗ്ദാനം നടത്തി. ബാംഗ്ളൂരിലെ ധർമ്മാരാം വിദ്യാക്ഷേത്രത്തിൽ വൈദികപഠനത്തിന് ശേഷം 1964 ഡിസംബർ ഒന്നിന് പൗരോഹിത്യം സ്വീകരിച്ചു. 1993 മാർച്ച് 19 ന് ജഗദൽപൂർ രൂപതാ മെത്രാനായി സ്ഥാനമേറ്റു .

2013 ൽ രൂപതാ ഭരണത്തിൽ നിന്ന് വിരമിച്ചു.

ഛത്തീസ്ഗഡ് സംസ്ഥാനത്തെ ഏക സീറോമലബാർ രൂപതയാണ് ജഗദൽപൂർ.1972 ൽ മാർപ്പാപ്പ രൂപത രൂപീകരിച്ചു CMI സഭയെ രൂപതാഭരണം ഏൽപിച്ചു. ബിഷപ്പ് പൗളീനോസ് ജീരകത്ത് CMI ആയിരുന്നു പ്രഥമ മെത്രാൻ. 1990 ൽ ബിഷപ് പൗളീനോസ് ജീരകത്ത് CMI യുടെ മരണത്തെ തുടർന്ന് രൂപതാ അഡ്മിനിസ്ട്രേറ്റർ ആയി ഫാ .കുര്യൻ മേച്ചേരിൽ CMI നിയമിതനായി .പിന്നീട് 1993 മാർച്ച് 19 ന് സൈമൺ സ്റ്റോക്ക് പാലാത്ര CMIയെ രൂപതയുടെ രണ്ടാമത്തെ മെത്രാനായി ജോൺ പോൾ രണ്ടാമൻ മാർപാപ്പ നിയമിച്ചു.

2013 മുതൽ ബിഷപ് ജോസഫ് കൊല്ലംപറമ്പിൽ CMI ആണ് രൂപതയുടെ മെത്രാൻ. 9300 കത്തോലിക്കാ വിശ്വാസികളുള്ള രൂപതയിൽ 62 വൈദികർ സേവനമനുഷ്ഠിക്കുന്നു. 47 മഠങ്ങളിലായി 338 സന്യാസിനികളും രൂപതയിൽ സേവനമനുഷ്ഠിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org