ജലന്ധര്‍ രൂപതയ്ക്കു പുതിയ മെത്രാന്‍: ബിഷപ് ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേല്‍

ജലന്ധര്‍ രൂപതയ്ക്കു പുതിയ മെത്രാന്‍: ബിഷപ് ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേല്‍
Published on

പഞ്ചാബിലെ ജലന്ധര്‍ രൂപതയുടെ പുതിയ മെത്രാനായി മലയാളിയായ ബിഷപ് ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേലിനെ ലിയോ പതിനാലാമന്‍ മാര്‍പാപ്പ നിയമിച്ചു. ജലന്ധര്‍ രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ച നിയുക്ത മെത്രാന്‍ പാലാ രൂപതയിലെ ചെമ്മലമറ്റം ഇടവകാംഗമാണ്. 1962 ല്‍ ജനിച്ച അദ്ദേഹം നാഗ്പൂര്‍ സെന്റ് ചാള്‍സ് മേജര്‍ സെമിനാരിയിലാണ് പൗരോഹിത്യപഠനം പൂര്‍ത്തിയാക്കിയത്.

1991-ല്‍ തിരുപ്പട്ടം സ്വീകരിച്ചു. റോമിലെ ഉര്‍ബന്‍ യൂണിവേഴ്‌സിറ്റി യില്‍ നിന്നു കാനോന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ജലന്ധര്‍ രൂപതയില്‍ ഇടവകവികാരിയായും രൂപത ചാന്‍സലര്‍, ജുഡീഷ്യല്‍ വികാര്‍, ഫിനാന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേറ്റര്‍ തുടങ്ങിയ പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹോളി ട്രിനിറ്റി റീജണല്‍ മേജര്‍ സെമിനാരിയില്‍ പ്രൊഫസറും ആയിരുന്നു.

ബെല്‍ജിയന്‍ കപ്പൂച്ചിന്‍ മിഷണറിമാരുടെ കീഴിലുള്ള ലാഹോര്‍ അതിരൂപതയുടെ ഭാഗമായിരുന്നു ഇന്ത്യാ വിഭജനത്തിനു മുമ്പ് ജലന്ധര്‍ രൂപതയുടെ കീഴിലുള്ള പ്രദേശങ്ങള്‍. വിഭജനത്തിനു ശേഷം 1952 ല്‍ ജലന്ധര്‍ അപ്പസ്‌തോലിക് പ്രീഫെക്ചര്‍ നിലവില്‍ വരികയും ബ്രിട്ടീഷ് കപ്പൂച്ചിന്‍ മിഷണറിമാര്‍ ചുമതലയേറ്റെടു ക്കുകയും ചെയ്തു.

1972 ല്‍ രൂപതയായി ഉയര്‍ത്തപ്പെടുകയും മലയാളിയായ ബിഷപ് സിംഫോറിയന്‍ കീപ്രത്ത് ആദ്യമെത്രാ നായി നിയമിക്കപ്പെടുകയും ചെയ്തു. മുന്‍ മുംബൈ അതിരൂപത സഹായമെത്രാന്‍ ബിഷപ് ആഞ്‌ജെലോ ഗ്രേഷ്യസ് 2018 മുതല്‍ രൂപത അഡ്മിനിസ്‌ട്രേറ്ററായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

പഞ്ചാബിലെ പതിനെട്ടു ജില്ലകളും ഹിമാചല്‍ പ്രദേശിലെ ഏതാനും സ്ഥലങ്ങളും ഉള്‍പ്പെടുന്ന ജലന്ധര്‍ രൂപതയില്‍, ഒന്നേകാല്‍ ലക്ഷം കത്തോലിക്കരും ഇരുന്നൂറിലധികം വൈദികരും എണ്ണൂറില്‍പ്പരം സിസ്റ്റേഴ്‌സും ഉണ്ട്. ആകെ 147 ഇടവകകള്‍.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org