
ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍ സീറോ മലബാര്‍ രൂപതയുടെ പുതിയ അധ്യക്ഷനായി ഫാ. മാത്യു നെല്ലിക്കുന്നേല്‍ CST നിയമിതനായി. ബിഷപ് തോമസ് തുരുത്തിമറ്റം 75 വയസ്സ് പൂര്‍ത്തിയായി സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. ഇടുക്കി രൂപതയിലെ മരിയാപുരം സ്വദേശിയായ നിയുക്ത ഗോരഖ്പുര്‍ ബിഷപ് ഇടുക്കി രൂപതാധ്യക്ഷനായ ബിഷപ് ജോണ്‍ നെല്ലിക്കുന്നേലിന്റെ ജ്യേഷ്ഠസഹോദരനാണ്.
53 കാരനായ അദ്ദേഹം ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം CST സന്യാസസമൂഹത്തിന്റെ പഞ്ചാബ്-രാജസ്ഥാന്‍ പ്രൊവിന്‍സില്‍ വൈദികാര്‍ത്ഥിയായി ചേരുകയായിരുന്നു. 1998-ല്‍ പൗരോഹിത്യം സ്വീകരിച്ചു. പിന്നീട് റോമിലെ അഞ്‌ജെലിക്കും യൂണിവേഴ്‌സിറ്റിയില്‍ നിന്നു തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. 2015 മുതല്‍ 2018 വരെ ഇടഠ സഭയുടെ പഞ്ചാബ്-രാജസ്ഥാന്‍ പ്രൊ വിന്‍ഷ്യാളായി പ്രവര്‍ത്തിച്ചു. 2018 മുതല്‍ ആലുവ ലിറ്റില്‍ ഫ്‌ളവര്‍ മേജര്‍ സെമിനാരിയുടെ റെക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
1984-ലാണ് ഗോരഖ്പൂര്‍ രൂപത സ്ഥാപിതമായത്. സി എസ് ടി മിഷണറിമാരാണ് തുടക്കം മുതല്‍ ഇവിടെ കൂടുതലായും സേവനമനുഷ്ഠിച്ചു വന്നിരുന്നത്. ബിഷപ് ഡൊമിനിക് കോക്കാട്ട് ആയിരുന്നു പ്രഥമമെത്രാന്‍. 2006-ല്‍ ബിഷപ് തോമസ് തുരുത്തിമറ്റം ചുമതലയേറ്റു. ഇരുവരും CST സമൂഹാംഗങ്ങളായിരുന്നു.
ഭാരതസഭയില്‍ സഹോദരന്മാര്‍ മെത്രാന്മാരാകുന്നത് ഇതാദ്യമല്ല. ഈ വര്‍ഷമാദ്യം ഗുജറാത്തിലെ ബറോഡ് ബിഷപ്പായി നിയമിക്കപ്പെട്ട ബിഷപ് സെബസ്ത്യാവോ മസ്‌കെരനാസ്, 8 വര്‍ഷമായി ജാര്‍ഖണ്ഡ് അതിരൂപത സഹായമെത്രാനായി പ്രവര്‍ത്തിച്ചു വരുന്ന ബിഷ പ് തിയഡോര്‍ മസ്‌കെരനാസിന്റെ ജ്യേഷ്ഠനാണ്. ഗോവ സ്വദേശികളും ഗോവ ആസ്ഥാനമായ പിലാര്‍ ഫാദേഴ്‌സ് എന്ന സന്യാസസമൂഹത്തിലെ അംഗങ്ങളുമാണ് ഇവര്‍. പ. ബംഗാളിലെ റായ്ഗഞ്ജ് രൂപതാധ്യക്ഷനായിരുന്ന ബിഷപ് അല്‍ഫോന്‍സ് എഫ് ഡിസൂസ യും ഉത്തര്‍പ്രദേശിലെ ആഗ്ര അതിരൂപതാധ്യക്ഷനായിരുന്ന ആര്‍ച്ചുബിഷപ് ആല്‍ബെര്‍ട്ട് ഡിസൂസയും സഹോദരങ്ങളായിരുന്നു. മംഗലാപുരം സ്വദേശികളായ ഇവരില്‍ ഒരാള്‍ 2016 ലും മറ്റൊരാള്‍ 2020 ലും വിരമിച്ചു.