ലത്തീന്‍ സമുദായത്തിന്‍റെ നീറുന്ന പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണണം -ബിഷപ് വിന്‍സന്‍റ് സാമുവല്‍

ലത്തീന്‍ സമുദായത്തിന്‍റെ നീറുന്ന പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണണം -ബിഷപ് വിന്‍സന്‍റ് സാമുവല്‍

ലത്തീന്‍ കത്തോലിക്കര്‍ക്കു നീതി നിഷേധിക്കപ്പെടുന്ന സാമൂഹ്യ സാഹചര്യമാണുള്ളതെന്നു നെയ്യാറ്റിന്‍കര മെത്രാന്‍ ഡോ. വിന്‍സെന്‍റ് സാമുവല്‍ ആരോപിച്ചു. ലത്തീന്‍ കത്തോലിക്കാ സമുദായ അംഗങ്ങളെക്കുറിച്ചു പഠിക്കുന്നതിന് ഒരു സമിതി പോലുമില്ല. ഈ സമുദായത്തിന്‍റെ നീറുന്ന പ്രശ്നങ്ങള്‍ക്കുപോലും അടിയന്തര നടപടിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) സംസ്ഥാന സമ്മേളനത്തോടനു ബന്ധിച്ചുള്ള പൊതുസമ്മേളനം നെയ്യാറ്റിന്‍കര അക്ഷയ കോംപ്ലക്സ് മൈതാനത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.

നീതി ലഭിക്കാന്‍ വൈകരുതെന്നാണ് സാമാന്യതത്വം. എന്നാല്‍, ലത്തീന്‍ കത്തോലിക്കരെ അടിച്ചമര്‍ത്താനുള്ള ഒരു രഹസ്യ അജണ്ട ഉള്ളതുപോലാണ് അധികാരികളില്‍നിന്നുള്ള സമീപനം. ലത്തീന്‍ സമുദായം മാത്രം അവഗണിക്കപ്പെടുന്ന അവസ്ഥയുണ്ട്. തൊഴില്‍ മേഖലയില്‍ ലത്തീന്‍ കത്തോലിക്കാ സമുദായത്തിനു നാലു ശതമാനം മാത്രം സംവരണമാണുള്ളത്. ഇനിയും ഇതു വെട്ടിക്കുറയ്ക്കാനുള്ള രഹസ്യനീക്കം നടക്കുന്നതായി അറിയുന്നു. ഇത്തരം നീക്കങ്ങള്‍ക്കെതിരേ ശക്തമായ സമരപരിപാടികള്‍ നയിക്കേണ്ടിവരും. അവകാശനിഷേധവും അവഗണനയും ഉണ്ടെന്നതു സത്യമാണ്. ഇത് ഇനിയും അംഗീകരിക്കാനാവില്ല – ബിഷപ് പറഞ്ഞു.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. ശശി തരൂര്‍ എംപി, മുന്‍ കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ്, മുന്‍ സ്പീക്കര്‍ എന്‍. ശക്തന്‍, എംഎല്‍എമാരായ എം. വിന്‍സെന്‍റ്, ടി.ജെ. വിനോദ്, കെ.എസ്. ശബരീനാഥ്, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍, കെ എല്‍സിഎ സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണ, കെഎല്‍സിഎ നെയ്യാറ്റിന്‍കര രൂപത പ്രസിഡന്‍റ് ഡി. രാജു, കെആര്‍ എല്‍സിസി സെക്രട്ടറി ജനറല്‍ ഫാ. ഫ്രാന്‍സിസ് സേവ്യര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സമുദായ വക്താവ് ഷാജി ജോര്‍ജ് വിഷയാവതരണം നടത്തി.

സമുദായത്തിനു സമനീതി, അധികാരത്തില്‍ പങ്കാളിത്തം തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് 48-ാമത് കെഎല്‍സിഎ സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചത്. ലത്തീന്‍ കത്തോലിക്കരുടെ 15 പ്രധാന അവകാശങ്ങളെക്കുറിച്ചു പ്രതി പാദിക്കുന്ന അവകാശപത്രിക ചടങ്ങില്‍ ജനപ്രതിനിധികള്‍ക്കു നല്‍കി.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org