ഭരണഘടനയുടെ ശ്രേഷ്ഠതയും പവിത്രതയും പരിരക്ഷിക്കപ്പെടണം – ബിഷപ് തോമസ് കെ. ഉമ്മന്‍

ഭരണഘടനയുടെ ശ്രേഷ്ഠതയും പവിത്രതയും പരിരക്ഷിക്കപ്പെടണം – ബിഷപ് തോമസ് കെ. ഉമ്മന്‍

ഭാരതത്തിന്‍റെ ശില്പികള്‍ വിഭാവനം ചെയ്ത ഭരണഘടനയുടെ ശ്രേഷ്ഠതയും പവിത്രതയും കണ്ണിലെ കൃഷ്ണമണി പോലെ പരിരക്ഷിക്കപ്പെടണമെന്ന് ബിഷപ് തോമസ് കെ. ഉമ്മന്‍ അഭിപ്രായപ്പെട്ടു. കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍റെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് സംഘടിപ്പിച്ച നേതൃസംഗമവും ഏകദിന സെമിനാറും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഉറപ്പുവരുത്തിയിട്ടുള്ള അവകാശങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഭരണകര്‍ത്താക്കളും അവ നേടിയെടുക്കുന്നതില്‍ ന്യൂനപക്ഷ സമുദായങ്ങളും ബദ്ധശ്രദ്ധരാകേണ്ടതുണ്ട്. ക്രൈസ്തവ ന്യൂനപക്ഷ സമുദായങ്ങള്‍ വിദ്യാഭ്യാസ-ആതുരശുശ്രൂഷ-സാമൂഹ്യ സേവന രംഗങ്ങളില്‍ ജാതിമതഭേദമില്ലാതെയും വേര്‍തിരിവുകളില്ലാതെയും കര്‍മ്മനിരതരായി സമൂഹത്തോടുള്ള ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതില്‍ എക്കാലവും സവിശേഷശ്രദ്ധ നല്‍കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമ്മേളനത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ ഹനീഫ അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ പരിരക്ഷിക്കുന്നതില്‍ ന്യൂനപക്ഷ കമ്മീഷന്‍റെ ഭാഗത്തു നിന്ന് എല്ലാവിധ സഹകരണങ്ങളും പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം അതിരൂപത വികാരി ജനറാളും ജനറല്‍ കണ്‍വീനറുമായ മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കി. മലങ്കര സിറിയന്‍ ക്നാനായ ചര്‍ച്ച് ചീഫ് മെട്രോപോളിറ്റന്‍ ആര്‍ച്ച്ബിഷപ് കുര്യാക്കോസ് മോര്‍ സെവേറിയോസ്, യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. സംസ്ഥാന ന്യൂനപക്ഷ കമ്മീഷനംഗങ്ങളായ അഡ്വ. ബിന്ദു എം. തോമ സ്, അഡ്വ. മുഹമ്മദ് ഫൈസല്‍, ബിന്ദു തങ്കച്ചി എന്നിവര്‍ പ്രസംഗിച്ചു. 'ന്യൂനപക്ഷ അവകാശങ്ങളും ക്ഷേമപദ്ധതികളും' എന്ന വിഷയത്തില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ സെമിനാര്‍ നയിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org