കന്ദമാലിന്‍റെ വേദന പേറുന്നുണ്ടെങ്കിലും ആരോടും വിരോധമില്ല -ബിഷപ് തിയോഡര്‍ മസ്കരിനാസ്

കന്ദമാലിന്‍റെ വേദന പേറുന്നുണ്ടെങ്കിലും ആരോടും വിരോധമില്ല -ബിഷപ് തിയോഡര്‍ മസ്കരിനാസ്

കന്ദമാല്‍ കലാപത്തിന്‍റെ വേദന അനുഭവിക്കുന്നുണ്ടെങ്കിലും ആരോടും വിദ്വേഷവും പരിഭവും ഇല്ലെന്നും തങ്ങളുടെ മതം വിദ്വേഷം അനുവദിക്കുന്നില്ലെന്നും സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ് തിയോഡര്‍ മസ്കരിനാസ്. ഒറീസയിലെ കന്ദമാലില്‍ നടന്ന ക്രൈസ്തവ പീഡനങ്ങളുടെ പത്താം വാര്‍ഷികാനുസ്മരണം ഭുവനേശ്വറില്‍ സംഘടിപ്പിക്കപ്പെട്ട വേളയില്‍ പ്രതികരിക്കുകയായിരുന്നു ബിഷപ്. കന്ദമാലില്‍ രക്തസാക്ഷികളായവരുടെ വിശ്വാസ തീവ്രതയില്‍ ദൈവത്തിനു നന്ദിയര്‍പ്പിച്ച അദ്ദേഹം അക്രമകാരികളുടെ മനോഭാവങ്ങള്‍ മാറുന്നതിനു വേണ്ടി പ്രാര്‍ത്ഥിച്ചു. അക്രമങ്ങളില്‍ ഇരകളാക്കപ്പെട്ടവര്‍ക്ക് നീതി ലഭ്യമാകണമെന്നും ഭാരതം മുഴുവനിലും സമാധാനവും ഐക്യവും പുലരണമെന്നും ബിഷപ് തിയോഡര്‍ കൂട്ടിച്ചേര്‍ത്തു.

ആഗസ്റ്റ് 25 ന് കന്ദമാല്‍ കലാപത്തിന്‍റെ പത്താം വാര്‍ഷികം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കപ്പെട്ടു. ഭുവനേശ്വറില്‍ നടന്ന അനുസ്മരണ പ്രാര്‍ത്ഥനാ യോഗത്തില്‍ മെത്രാന്മാരും വൈദികരുമടക്കം ആയിരത്തഞ്ഞൂറോളം പേര്‍ പങ്കെടുത്തു. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയും കട്ടക്ക് – ഭുവനേശ്വര്‍ അതിരൂപതയും സംയുക്തമായാണ് പ്രാര്‍ത്ഥനാ സമ്മേളനം സംഘടിപ്പിച്ചത്. "സമാധാനത്തിനും അനുരഞ്ജനത്തിനും സൗഹാര്‍ദത്തിനും വേണ്ടി പ്രാര്‍ത്ഥന" എന്നതായിരുന്നു പ്രമേയം. "ഫ്ളെയിംസ് ഓഫ് ഫെയ്ത് ഇന്‍ കന്ദമാല്‍" എന്ന പേരില്‍ കന്ദമാല്‍ സ്വദേശിയും ദൈവശാസ്ത്ര പ്രൊഫസറുമായ ഫാ. ഉദയനാഥ് ബിഷോയി രചിച്ച ഗ്രന്ഥം തദവസരത്തില്‍ പ്രകാശനം ചെയ്തു.

ഡല്‍ഹിയില്‍ നടന്ന കന്ദമാല്‍ അനുസ്മരണ യോഗത്തില്‍ മുന്നൂറോളം പേര്‍ പങ്കെടുത്തു. അതിക്രമത്തെ അതിജീവിച്ച കിഷോര്‍ ഡിഗല്‍ അനുഭവങ്ങള്‍ പങ്കുവച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org