വിശ്വാസജീവിതത്തിനു വിശുദ്ധി അനിവാര്യം :ബിഷപ് തറയില്‍

വിശ്വാസജീവിതത്തിനു വിശുദ്ധി അനിവാര്യം :ബിഷപ് തറയില്‍

വിശ്വാസ ജീവിതത്തില്‍ നിലനില്‍ക്കുവാന്‍ വിശുദ്ധിയെക്കുറിച്ചുള്ള അവബോധം ആവശ്യമാണെന്ന് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ ഡോ. തോമസ് തറയില്‍ പറഞ്ഞു. യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്മെന്‍റിന്‍റെ നേതൃത്വത്തില്‍ വിവിധ സഭകളുടെ സഹകരണത്തോടെ തിരുവനന്തപുരത്ത് ലൂര്‍ദ്ദ് ഫൊറോന ദേവാലയത്തില്‍ നടന്ന ഐക്യ സെന്‍റ് തോമസ് ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.

വിശ്വാസ ജീവിതത്തിന്‍റെ കുറവും അഭാവവും കുടുംബബന്ധങ്ങളില്‍ വിള്ളലുകള്‍ സൃഷ്ടിക്കുകയും സമൂഹത്തില്‍ വിപരീത ഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. സഭാ സമൂഹങ്ങളിലെ ഒറ്റപ്പെട്ട സംഭവങ്ങള്‍ പെരുപ്പിച്ച് കാണിച്ച് സമര്‍പ്പിത ജീവിതത്തേയും വിശുദ്ധ കൂദാശകളേയും താഴ്ത്തിക്കെട്ടുവാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്. വിശ്വാസികള്‍ ഇതിനെതിരെ ജാഗരൂകരായിരിക്കേണ്ടത് ആവശ്യമാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അധിഷ്ഠിതമായ പരസ്പര വിശ്വാസവും സൗഹാര്‍ദ്ദവും സഹവര്‍ത്തിത്വവും സമൂഹത്തില്‍ ചലനങ്ങള്‍ ഉളവാക്കുവാന്‍ സഹായകരമാണ്. ശാസ്ത്രവും മതവും ഒരുമിച്ചു പോകേണ്ടതാണെന്നും ദൈവത്തെ തേടുമ്പോള്‍ ശാസ്ത്രവും വളരുമെന്ന തിരിച്ചറിവുണ്ടാകണമെന്നും ബിഷപ് തറയില്‍ അനുസ്മരിപ്പിച്ചു.

വിശുദ്ധ തോമാശ്ലീഹായുടെ ജീവിതം വിശ്വാസികള്‍ക്ക് എക്കാലവും മാതൃകയാണെന്ന് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ച ലൂര്‍ദ്ദ് ഫൊറോന ദേവാലയ വികാരി ഫാ. ജോസ് വിരുപ്പേല്‍ അഭിപ്രായപ്പെട്ടു. വിവിധ സഭാ വൈദികരായ റവ. ഡോ. എം.ഒ. ഉമ്മന്‍, റവ. ജെ.എച്ച്. പ്രമോദ്, റവ. എസ്. ഗ്ലാഡ്സ്റ്റണ്‍, ഫാ. ഡോ. ടി.ജെ. അലക്സാണ്ടര്‍, ഫാ. ജോണ്‍ അരീക്കല്‍, കേണല്‍. പി.എം. ജോസഫ്, യു.സി.എം. ഭാരവാഹികളായ എം.ജി. ജെയിംസ്, ഷെവലിയാര്‍ ഡോ. കോശി. എം. ജോര്‍ജ്, ഓസ്കാര്‍ ലോപ്പസ്, കെ.ടി. എബ്രഹാം, കുഞ്ചറിയ വി. തോമസ്, ജോസഫ് ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org