ഓഗസ്റ്റ് 10 ‘ദേശീയ വിലാപദിന’ത്തില്‍ അല്മായ പ്രസ്ഥാനങ്ങള്‍ പങ്കുചേരും: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

ഓഗസ്റ്റ് 10 ‘ദേശീയ വിലാപദിന’ത്തില്‍ അല്മായ പ്രസ്ഥാനങ്ങള്‍ പങ്കുചേരും: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
Published on
 ഭ്രൂണഹത്യയ്‌ക്കെതിരെ സമൂഹ മനഃസാക്ഷി ഉയര്‍ത്തുവാനും ഗര്‍ഭഛിദ്രത്തിനു വിധേയരായ ഭ്രൂണാവസ്ഥയിലെ ശിശുക്കളെ അനുസ്മരിക്കുവാനും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനും മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് ദി പ്രഗ്നന്‍സി ആക്ട് നിലവില്‍ വന്നിട്ട് 50 വര്‍ഷമാകുന്ന ഓഗസ്റ്റ് 10-ാം തീയതി ഭാരത കത്തോലിക്കാസഭ 'ദേശീയ വിലാപദിന' (Day of mourning) മായി പ്രഖ്യാപിച്ചു. ഇതിനോടനുബന്ധിച്ച് രാജ്യത്തുടനീളം ഗര്‍ഭച്ഛിദ്രത്തിനെതിരെയും ജീവന്റെ സംരക്ഷണത്തിനും വേണ്ടിയുള്ള ബോധവല്‍ക്കരണ പരിപാടികളിലും പ്രാര്‍ത്ഥനാ ശുശ്രൂഷകളിലും ഇന്ത്യയിലെ കത്തോലിക്ക അല്മായ പ്രസ്ഥാനങ്ങള്‍ സജീവമായി പങ്കുചേരണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ്‌വാള്‍ഡ് ഗ്രേഷ്യസ് ഇതിനോടനുബന്ധിച്ച് പ്രത്യേകം അറിയിപ്പുകള്‍ ഇന്ത്യയിലെ എല്ലാ രൂപതകള്‍ക്കും വിശ്വാസിസമൂഹത്തിനും നല്‍കിയിട്ടുണ്ട്. അന്നേദിവസം നടത്തേണ്ട പ്രത്യേക പരിപാടികളെക്കുറിച്ചും അദ്ദേഹം കത്തില്‍ വിവരിക്കുന്നു.
ഇന്ത്യയിലെ 14 റീജിയനുകളിലായുള്ള ലെയ്റ്റി റീജിയണല്‍ കൗണ്‍സിലുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ മാനിച്ചുള്ള പ്രാര്‍ത്ഥനാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ കോടിക്കണക്കിന് കുഞ്ഞുങ്ങളാണ് ഗര്‍ഭഛിദ്രത്തിലൂടെ കൊല്ലപ്പെട്ടിരിക്കുന്നത്. 2015-ല്‍ മാത്രം 15.6 ദശലക്ഷം ശിശുക്കളാണ് കൊല്ലപ്പെട്ടത്. ദൈവത്തിന്റെ ദാനമായ ജീവനെ നശിപ്പിക്കുന്നതിനെതിരെയുള്ള ജനകീയ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ രാജ്യത്തുടനീളം ലെയ്റ്റി കൗണ്‍സില്‍ കൂടുതല്‍ സജീവമാക്കുമെന്നും അല്മായ സമൂഹം ഇത് പ്രത്യേക ദൗത്യമായി ഏറ്റെടുക്കുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org