
ഭാരതീയമായ സന്യാസശൈലി സ്വീകരിച്ച്, നാലു പതിറ്റാണ്ടുകള്‍ പശ്ചിമഗുജറാത്തിലെ വ നപ്രദേശത്ത് ഒറ്റപ്പെട്ടജീവിതം നയിച്ച കത്തോലിക്കാ കന്യാസ്ത്രീയായ സിസ്റ്റര്‍ പ്രസന്നാദേവി, തന്റെ 88-ാം വയസ്സില്‍ നിര്യാതയായി. മരണത്തിനു അര മണിക്കൂര്‍ മുമ്പുവരെയും തന്നെ സന്ദര്‍ശിച്ചവരെ അനുഗ്രഹിക്കാന്‍ സിസ്റ്റര്‍ക്കു സാധിച്ചതായി ജുനഗഡ് ഇടവക വികാരി ഫാ. വിനോദ് കാനാട്ട് പറഞ്ഞു. വാര്‍ധക്യത്തിന്റെ അവശതകള്‍ ബാധിച്ചതിനെ തുടര്‍ന്ന് ഏതാനും വര്‍ഷങ്ങളായി ഈ ഇടവകയുടെ വൈദികമന്ദിരത്തിലായിരുന്നു സിസ്റ്ററുടെ താമസം. ഹിന്ദുമതസ്ഥരായ ധാരാളം പേര്‍ ഇവരെ സന്ദര്‍ശിക്കാറുണ്ട്. മാതാജി എന്നാണ് അവര്‍ സിസ്റ്ററെ അഭിസംബോധന ചെയ്തിരുന്നത്.
കത്തോലിക്കാസഭയെ സംബന്ധിച്ച് ഒരു മഹാദാനമായിരുന്നു സിസ്റ്റര്‍ പ്രസന്നാദേവിയെന്നു രാജ്‌കോട്ട് രൂപതാദ്ധ്യക്ഷനായ ബിഷ പ് ജോസ് ചിറ്റൂപറമ്പില്‍ പറഞ്ഞു. സീറോ മലബാര്‍ സഭയില്‍ നിന്ന് ഇത്തരത്തിലുള്ള ഏകാന്ത സന്യാസജീവിതം നയിച്ചിരുന്ന വേറെ സന്യാസിനിമാര്‍ ഇല്ലെന്നും ബിഷപ് ചിറ്റൂപറമ്പില്‍ ചൂണ്ടിക്കാട്ടി. കരി ണ്ണൂര്‍ സ്വദേശിയായ സിസ്റ്റര്‍ 22-ാം വയസ്സിലാണ് ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് ദ സേക്രഡ് ഹാര്‍ട്ട് എന്ന സന്യാസിനീസമൂഹത്തില്‍ ചേര്‍ന്ന ത്. അഞ്ചു വര്‍ഷത്തിനുശേഷം ഈ സമൂഹത്തിന്റെ ഇന്ത്യയിലെ ഏകഭവനം അടച്ചുപൂട്ടി. തുടര്‍ന്ന്, ഇന്ത്യയൊട്ടുക്കും സിസ്റ്റര്‍ യാത്ര ചെയ്യുകയും ഗുജറാത്തിലെ ഗിര്‍നാര്‍ മലനിരകളിലെ വനത്തില്‍ സന്യാസജീവിതം നയിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.