ന്യൂനപക്ഷ സ്ഥാപനങ്ങളിലെ നിയമനം ഡല്‍ഹി ഹൈക്കോടതി വിധി സഭ സ്വാഗതം ചെയ്തു

ന്യൂനപക്ഷ സ്ഥാപനങ്ങളിലെ നിയമനം ഡല്‍ഹി ഹൈക്കോടതി വിധി സഭ സ്വാഗതം ചെയ്തു

ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ജോലിക്കാരുടെ നിയമനത്തിനു സര്‍ക്കാര്‍ അംഗീകാരം നേടേണ്ടതില്ലെന്ന ഡല്‍ഹി ഹൈക്കോടതിയുടെ വിധിയെ ക്രൈസ്തവസഭകള്‍ സ്വാഗതം ചെയ്തു. സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ രാജ്യമെങ്ങും നിയമനങ്ങള്‍ നടത്തുന്നതിനുള്ള സ്വാതന്ത്ര്യമില്ലായ്മ നേരിടുന്നുണ്ടെന്ന് സി ബി സി ഐ വിദ്യാഭ്യാസകാര്യാലയം സെക്രട്ടറി ഫാ. മരിയ ചാള്‍സ് ആന്റണിസ്വാമി ചൂണ്ടിക്കാട്ടി. നിര്‍ദിഷ്ട യോഗ്യതകളും പ്രവര്‍ത്തനപരിചയവും ഉള്ളവരാണെങ്കില്‍ പ്രിന്‍സിപ്പല്‍മാരെയും അധ്യാപകരെയും നിയമിക്കുന്നതില്‍ ന്യൂനപക്ഷസ്ഥാപനങ്ങള്‍ക്കു നിയന്ത്രണങ്ങളൊന്നും പാടില്ലെന്നാണ് ദല്‍ഹി ഹൈക്കോടതിയുടെ വിധി. ദല്‍ഹി തമിഴ് എഡ്യുക്കേഷനല്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് അനുകൂലവിധി ലഭിച്ചത്. രാജ്യതലസ്ഥാനത്ത് തമിഴ് ഭാഷാ ന്യൂനപക്ഷത്തിനുവേണ്ടി ഏഴു സീനിയര്‍ സെക്കണ്ടറി സ്‌കൂളുകള്‍ നടത്തുന്ന സംഘടനയാണിത്.

ഭാഷാ, മതന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ സമുദായങ്ങള്‍ക്കായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥാപിച്ചു നടത്തുന്നതിനു ഭരണഘടന അനുമതി നല്‍കുന്നുണ്ട്. സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസമേഖലയെ സഹായിക്കുന്നതിനാല്‍ ഇവയില്‍ നിരവധി സ്ഥാപനങ്ങള്‍ക്കു സര്‍ക്കാരുകള്‍ ശമ്പളവും മെയിന്റനന്‍സ് സഹായവും നല്‍കി വരുന്നു. പക്ഷേ, ഇക്കാ രണത്താല്‍ നിയമനങ്ങളിലും മറ്റും സംസ്ഥാനഗവ ണ്‍മെന്റുകള്‍ അമിതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തുടങ്ങിയതിനാല്‍ സഭയുടെ പല എയിഡഡ് സ്‌കൂളുകളും അടച്ചുപൂട്ടേണ്ടി വന്നിട്ടുണ്ടെന്നു ഫാ. ആന്റണിസ്വാമി ചൂണ്ടിക്കാട്ടി. സ്വന്തം നിലവാരവും മൂല്യങ്ങളും നിലനിറുത്തി മുന്നോട്ടു പോകാന്‍ കോടതി വിധി സഹായകരമാകുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

ദല്‍ഹി ഹൈക്കോടതി വിധി ഡല്‍ഹിക്കു മാത്രം ബാധകമായതാണ്. എങ്കിലും, രാജ്യമെങ്ങും ന്യൂനപക്ഷസ്ഥാപനങ്ങള്‍ക്കു നീതി ലഭ്യമാക്കുന്നതില്‍ ഈ വിധി ഒരു വഴികാട്ടിയായേക്കുമെന്നാണു സഭയുടെ പ്രതീക്ഷ. പ്രശ്‌നങ്ങള്‍ നേരിടുന്ന സംസ്ഥാനങ്ങളില്‍ ഈ വിധി ചൂണ്ടിക്കാട്ടാന്‍ കഴിയുമെന്നു ഫാ. ആന്റണി സ്വാമി പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org