ദരിദ്രരും കുടിയേറ്റക്കാരും അഭയാര്‍ഥികളും എപ്പോഴും സഭയോടു ചേര്‍ന്നുണ്ടാകണമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് സിനഡാലിറ്റിയെ ക്കുറിച്ചുള്ള സിനഡ് എന്നു സിസ്റ്റര്‍ മരിയ നിര്‍മ്മലിനി പറഞ്ഞു. സിനഡില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത സംഘത്തില്‍ അംഗമായിരുന്നു സിസ്റ്റര്‍ നിര്‍മ്മലിനി.
അപ്പസ്‌തോലിക് കാര്‍മ്മല്‍ എന്ന സന്യാസിനീസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലും ഇന്ത്യയിലെ വനിതാസന്യസ്തരുടെ പൊതുവേദിയുടെ മേധാവിയുമാണ് സിസ്റ്റര്‍ നിര്‍മ്മലിനി.
ലോകമെങ്ങുമായി ആയിരത്തഞ്ഞൂറോളം സന്യസ്തരുള്ള സമൂഹമാണ് അപ്പസ്‌തോലിക് കാര്‍മ്മല്‍. ഒരു ലക്ഷത്തിലേറെ സിസ്റ്റര്‍മാരുള്ള ഇന്ത്യന്‍ കത്തോലിക്കാസഭയിലെ സന്യാസിനീസമൂഹം ലോകത്തിലെ തന്നെ ഏറ്റവും വലുതുമാണ്.
സിനഡില്‍ പരിശുദ്ധാത്മാവിനെയും അംഗങ്ങളെയും കേട്ടുകൊണ്ടിരിക്കാന്‍ കഴിഞ്ഞത് തനിമയാര്‍ന്ന അനുഭവമായിരുന്നുവെന്നു സിസ്റ്റര്‍ പറഞ്ഞു. സഹിക്കുന്നവരുടെ കഥകള്‍ നാം അനുകമ്പയോടെ കേള്‍ക്കണം. യുദ്ധങ്ങളും അക്രമങ്ങളും മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കായി പ്രാര്‍ഥിക്കണം.
അവരുടെ സഹനങ്ങള്‍ നമ്മുടെ ജീവിതങ്ങളെ ബാധിക്കണം, യേശുവിനെപ്പോലെ ദയാപൂര്‍വം അവരിലേക്ക് കടന്നുചെല്ലണം. എന്തെങ്കിലുമൊരു ജീവകാരുണ്യപ്രവൃത്തി ചെയ്യുന്ന കാര്യമല്ല അത്. മറിച്ച്, അതൊരു തുടരുന്ന യാത്രയായിരിക്കണം. - സിനഡില്‍ നടന്ന ചര്‍ച്ചകളുടെ വെളിച്ചത്തില്‍ സിസ്റ്റര്‍ നിര്‍മ്മലിനി പറഞ്ഞു.