അജ്മീര്‍ രൂപതയ്ക്കു പുതിയ മെത്രാന്‍ അഭിഷിക്തനായി

അജ്മീര്‍ രൂപതയ്ക്കു പുതിയ മെത്രാന്‍ അഭിഷിക്തനായി
Published on

രാജസ്ഥാനിലെ അജ്മീര്‍ രൂപത മെത്രാനായി ബിഷപ് ജോണ്‍ കാര്‍വാലോ അഭിഷിക്തനായി. ആഗ്രാ ആര്‍ച്ചുബിഷപ് റാഫി മഞ്ഞളിയാണ് മെത്രാഭിഷേകത്തിന്റെ മുഖ്യകാര്‍മ്മികനായത്.

ബിഷപ് ഓസ്വാള്‍ഡ് ലെവിസ്, ബിഷപ് ജോസഫ് കല്ലറക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായി. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ് ലെയോപോള്‍ഡ് ജെറെല്ലി സംബന്ധിച്ചു.

2024-ല്‍ ബിഷപ് പയസ് തോമസ് ഡിസൂസ ആരോഗ്യകാരണങ്ങളാല്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് അജ്മീര്‍ രൂപതയ്ക്കു പുതിയ മെത്രാന്‍ നിയമിത നായത്.

ഇതുവരെ ജയ്പൂര്‍ രൂപതയുടെ വിരമിച്ച ബിഷപ് ഓസ്വാള്‍ഡ് ലെവിസ് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

55 കാരനായ ബിഷപ് കാര്‍വാലോ, കര്‍ണ്ണാടകയിലെ ഉഡുപി സ്വദേശിയാണ്. അജ്മീര്‍ രൂപതയ്ക്കുവേണ്ടിയാണ് വൈദികനായത്. ഇടവകവികാരിയായും രൂപതയിലെ പ്രസിദ്ധമായ നിരവധി സ്‌കൂളുകളുടെ മാനേജരായും പ്രിന്‍സിപ്പലായും സേവനം ചെയ്തിട്ടുണ്ട്.

മെത്രാനായി നിയമനം ലഭിക്കുമ്പോള്‍ അജ്മീര്‍ സെന്റ് പോള്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പ്രിന്‍സിപ്പളായി പ്രവര്‍ത്തി ക്കുകയായിരുന്നു.

1913-ല്‍ സ്ഥാപിതമായ അജ്മീര്‍ രൂപതയില്‍ വടക്കുപടിഞ്ഞാറന്‍ രാജസ്ഥാനിലെ ഇരുപത്തഞ്ചോളം ജില്ലകള്‍ ഉള്‍പ്പെടുന്നു.

1891-ല്‍ തുടക്കമിട്ട രജ്പുത്താന അപ്പസ്‌തോലിക് വികാരിയാത്താണ് പിന്നീട് അജ്മീര്‍ രൂപതയായി മാറിയത്. ആരംഭകാലത്ത് ഫ്രാന്‍സില്‍ നിന്നുള്ള കപ്പൂച്ചിന്‍ മിഷണറിമാരാണ് ഇവിടത്തെ സഭാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org