ആഗ്ര അതിരൂപതയ്ക്ക് വിദേശധനസഹായം വിലക്കി, 12 രൂപതകളെ ബാധിക്കും

വിദേശധനസഹായം സ്വീകരിക്കുന്നതിന് ഉത്തര്‍പ്രദേശിലെ ആഗ്ര അതിരൂപതക്കുണ്ടായിരുന്ന അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ഇത് ആഗ്ര അതിരൂപതയുടെയും അതിരൂപതയുടെ കീഴില്‍ വരുന്ന 12 രൂപതകളുടെയും സാമൂഹ്യസേവനപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ആഗ്ര ആര്‍ച്ചുബിഷപ് റാഫി മഞ്ഞളി പറഞ്ഞു. അതിരൂപതയുടെ എഫ് സി ആര്‍ എ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്ന് കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിച്ചു കാത്തിരിക്കുകയാണ് ആഗ്ര അതിരൂപതാധികൃതര്‍.

ആഗ്ര അതിരൂപതയുടെ കീഴിലുള്ള 'ഉത്തര്‍ ക്ഷേത്രീയ സമാജ് വികാസ് കേന്ദ്ര' എന്ന സംഘടനയാണ് 12 രൂപതകളുടെയും സാമൂഹ്യവികസന പദ്ധതികള്‍ക്കു പണം ലഭ്യമാക്കിയിരുന്നത്. രജിസ്‌ട്രേഷന്‍ റദ്ദാക്കിയ നടപടി, 12 രൂപതകളുടെയും സാമൂഹ്യസേവനപ്രവര്‍ത്തനങ്ങളെ വളരെ ദോഷകരമായി ബാധിച്ചു കഴിഞ്ഞതായും ഇവയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന അനേകരെ ദുരിതത്തിലാക്കിയതായും ആര്‍ച്ചുബിഷപ് റാഫി മഞ്ഞളി അറിയിച്ചു.

1886 ല്‍ സ്ഥാപിതമായ ആഗ്രയാണ് ഉത്തരേന്ത്യയിലെ ആദ്യത്തെ കത്തോലിക്കാരൂപത. ഇവിടത്തെ രൂപതകളുടെ മാതാവ് എന്നറിയപ്പെടുന്ന ആഗ്രയുടെ കീഴില്‍ തുടക്കത്തില്‍ ഇന്നത്തെ പാക്കിസ്ഥാന്റെയും തിബത്തിന്റെയും ഭാഗങ്ങള്‍ ഉണ്ടായിരുന്നു.

ഇന്ത്യയില്‍ ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുക എന്ന പദ്ധതിയുടെ ഭാഗമാണ് ഇത്തരം നടപടികളെന്നു വിമര്‍ശകര്‍ ആരോപിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ക്രിസ്ത്യന്‍ സംഘടനകളിലൊന്നായ വേള്‍ഡ് വിഷന്‍ ഇന്ത്യയുടെ വിദേശധനസ്വീകരണത്തിനുള്ള ലൈസന്‍സ് കഴിഞ്ഞ ജനുവരിയില്‍ റദ്ദാക്കിയിരുന്നു. 22 സംസ്ഥാനങ്ങളിലെ 30 ലക്ഷം പേര്‍ക്ക് സഹായങ്ങളെത്തിച്ചിരുന്ന പ്രസ്ഥാനമായിരുന്നു ഇത്. തിരുവനന്തപുരം ഉള്‍പ്പെടെ മറ്റു കത്തോലിക്കാരൂപതകളുടെയും എഫ് സി ആര്‍ എ ലൈസന്‍സുകള്‍ കേന്ദ്രഗവണ്‍മെന്റ് നിരോധിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org