ഗര്‍ഭച്ഛിദ്രനിയമഭേദഗതി: കെസിബിസി പ്രൊലൈഫ് സമിതി നിവേദനം നല്കി

Published on

ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഗര്‍ഭച്ഛിദ്ര നിയമത്തെ കൂടുതല്‍ ഉദാരവല്‍ക്കരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെസിബിസി പ്രൊലൈഫ് സമിതി ബന്ധപ്പെട്ട എല്ലാ പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കും നിവേദനം നല്കി. ഗര്‍ഭസ്ഥശിശുവിനെ പിറക്കാന്‍ അനുവദിക്കയില്ലെന്ന് ഉറപ്പിച്ചുകൊണ്ടുള്ള ഈ നിയമ ഭേദദഗതിക്ക് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നല്‍കിയത് ജനുവരി 29-നായിരുന്നു.

1971 ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് മൂന്നു മാസം വരെ ഒരു ഡോക്ടറുടെ അനുവാദത്തോടുകൂടിയും അഞ്ചുമാസം വരെ രണ്ടു ഡോക്ടര്‍മാരുടെ അനുവാദത്തോടെയും ചില പ്രത്യേക കാരണങ്ങളുടെ പേരില്‍ ഭ്രൂണഹത്യ ചെയ്യുവാന്‍ അനുവാദം നല്കുന്നു. 1971 വരെ മൂന്നുവര്‍ഷം കഠിനതടവും അഞ്ഞൂറു രൂപ പിഴയുമുള്ള കൊലപാതകമായിരുന്നു ഭ്രൂണഹത്യ ഭാരതത്തില്‍. എന്നാല്‍ പിന്നീട് അത് 20 ആഴ്ച വരെയെത്തി നില്‍ക്കുന്നു. എന്നാല്‍ ഇത് 24 ആഴ്ച വരെ ആക്കികൊണ്ടുള്ള കേന്ദ്ര സര്‍ക്കാന്‍റെ ഇപ്പോഴത്തെ തീരുമാനം ഭ്രൂണഹത്യക്കു അനുകൂലമായ സാഹചര്യം ഒരുക്കും. ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞും ജനിച്ച കുഞ്ഞും തമ്മില്‍ പ്രാണവ്യത്യസമില്ല. പ്രായ വ്യത്യാസമേയുള്ളൂ.

ഗര്‍ഭച്ഛിദ്രം നടത്തുവാനുള്ള അനുവദനീയ കാലയളവ് ഗര്‍ഭധാരണത്തിനുശേഷം 24 ആഴ്ചയായി ഉയര്‍ത്തുവാനുള്ള ഈ തീരുമാനം ഗര്‍ഭച്ഛിദ്രത്തിനു വഴിയൊരുക്കി നരഹത്യയ്ക്കു സാഹചര്യമൊരുക്കും. കേന്ദ്ര സര്‍ക്കാരിന്‍റെ ഈ നീക്കം അരുതെന്നു പറയാന്‍ മുഴുവന്‍ പാര്‍ലമെന്‍റംഗങ്ങളും മത സാംസ്കാരിക രാഷ്ട്രീയ സാമൂഹിക നേതൃത്വങ്ങളും തയ്യാറാകണമെന്നും സംസ്ഥാന സര്‍ക്കാരുകള്‍ നിലപാടുകള്‍ വ്യക്തമാക്കണമെന്നും പ്രൊലൈഫ് സമിതി ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org