സീറോമലബാർ സഭയുടെ 29-ാം സിനഡ് ഓൺലൈനായി നടത്തി

സീറോമലബാർ സഭയുടെ 29-ാം സിനഡ് ഓൺലൈനായി നടത്തി
Published on

ആഗസ്റ്റ് 16 മുതൽ 27 വരെ ഓൺലൈനായി സമ്മേളിച്ച സീറോ മലബാർ സിനഡ് , കോവിഡ് രോഗം മൂലം മരണമടഞ്ഞ നാനാജാതിമതസ്ഥരായ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. സീറോമലങ്കര സഭയുടെ ​ഗുഡ്​ഗാവ് രൂപതയുടെ അധ്യക്ഷനായിരുന്ന മാർ ജേക്കബ് ബാർണബാസിന്റെ മരണത്തിൽ അനുശോചനം അറിയിച്ചു. കോവിഡു ബാധിച്ചു മരിച്ച സാഗർ രൂപതയുടെ മുൻ അധ്യക്ഷൻ മാർ ജോസഫ് പാസ്റ്റർ നീലങ്കാവിന്റെ സേവനങ്ങളെ അനുസ്മരിച്ചു.

കോവിഡ് മഹാമാരി നിയന്ത്രണാതീതമായി തുടരുന്നത് തികച്ചും ആശങ്കാജനകമാണെന്ന് സിനഡ് വിലയിരുത്തി.
കോവിഡുമൂലം ആരും ഒറ്റപ്പെട്ടുപോകുന്നില്ലെന്നും പട്ടിണി അനുഭവിക്കുന്നില്ലെന്നും ഉറപ്പുവരുത്താൻ സഭയുടെ എല്ലാ സംവിധാനങ്ങളും ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടു.

സീറോമലബാർ സഭയുടെ കൂട്ടായ്മയെ ശക്തിപ്പെടുത്താൻ നടത്തിയ പൈതൃകമായ ഇടപെടലിനും വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾക്കും
സിനഡ് ഫ്രാൻസീസ് മാർപാപ്പക്ക് കൃതജ്ഞത രേഖപ്പെടുത്തി. ഏകീകരിച്ച വി. കുർബ്ബാന അർപ്പണരീതി അടുത്ത ആരാധനാക്രമവത്സരം ആരംഭിക്കുന്ന 2021 നവംബർ 28-ാം തിയ്യതി ഞായറാഴ്ച മുതൽ സഭയിൽ നടപ്പിലാക്കാൻ സിനഡു തീരുമാനിച്ചു.
ഏകീകരിച്ച ബലിയർപ്പണ രീതി ഫലപ്രദമായ ആരാധനക്രമ ബോധവത്ക്കരണത്തിലൂടെ 2022ലെ ഈസ്റ്റർ ഞായറാഴ്ചയോടെയെങ്കിലും രൂപത മുഴുവനിലും നടപ്പിലാക്കണമെന്നും സിനഡാനന്തര സർക്കുലർ ആവശ്യപ്പെടുന്നു.

കേരളത്തിലെ ക്രൈസ്തവസമൂഹം അഭിമുഖീകരിക്കുന്ന വിവിധ സാമൂഹിക പ്രതിസന്ധികളെക്കുറിച്ച് ഭരണ-പ്രതിപക്ഷ കക്ഷികളിലെ ഏതാനും ജനപ്രതിനിധികളുമായി സിനഡ് ചർച്ച നടത്തി. കർഷകരുടെ സ്വത്തിനും ജീവനും ഭീഷണിയാകുന്ന വന്യമൃഗശല്യം, ബഫർസോണും പരിസ്ഥിതിലോല പ്രദേശങ്ങളും നിർണ്ണയിക്കുന്നതിലെ അശാസ്ത്രീയത, ദളിതു ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങൾ, ജെ ബി കോശി കമ്മീഷനുമായി ബന്ധപ്പെട്ട വിഷയങ്ങൾ, കുട്ടനാട്ടിലെ കർഷകരും തീരദേശനിവാസികളും അനുഭവിക്കുന്ന പ്രതിസന്ധികൾ എന്നിവ ചർച്ചകൾക്കു വിഷയമായി. സംവരണേതരവിഭാഗങ്ങൾക്കായുള്ള സാമ്പത്തിക സംവരണത്തിന്റെ പ്രയോജനം അർഹരായവർക്കു ലഭിക്കുന്നതിൽ നേരിടുന്ന പ്രായോഗിക പ്രശ്നങ്ങളെക്കുറിച്ചും സ്വാശ്രയ സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുന്ന നിയമ നിർമ്മാണങ്ങളെക്കുറിച്ചുമുള്ള ആശങ്കകളെക്കുറിച്ചും യോഗം ചർച്ചചെയ്തു.

സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടനകേന്ദ്രം എന്ന പദവിയിലേക്ക് തലശ്ശേരി അതിരൂപതയിലെ പേരാവൂർ സെന്റ് ജോസഫ്സ് ഫൊറോനാ ദൈവാലയത്തെ ഉയർത്തി. ജനതങ്ങളുടെ വിശ്വാസ പൈതൃകങ്ങളെ ആദരിക്കാൻ ഉത്തരവാദിത്വപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് സിനഡ് ആവശ്യപ്പെട്ടു.

ഫരീദാബാദ് രൂപതയുടെ അന്ധേരി മോഡിലുള്ള ലിറ്റിൽ ഫ്ളവർ ദേവാലയം ഇടിച്ചു നിരത്തിയ സംഭവം ഖേദകരമാണെന്ന് സിനഡ് വിലയിരുത്തി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org