യുവജന സംരംഭഗത്വത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇടപെടണം : മാര്‍ ആന്‍ഡ്രൂസ് താഴത്ത്

യുവജന സംരംഭഗത്വത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇടപെടണം : മാര്‍ ആന്‍ഡ്രൂസ് താഴത്ത്
Published on

തൃശ്ശൂര്‍: കേരളത്തില്‍ യുവജനങ്ങളെ സംരംഭകത്വത്തിലേക്ക് ആകര്‍ഷിക്കുന്നതിലും നിലനിര്‍ത്തുന്നതിലും സര്‍ക്കാര്‍ പരാജയപ്പെടുന്നുവെന്നും യുവജനക്രിയാശേഷി ഫലപ്രദമായി ഉപയോഗിക്കുവാന്‍

സര്‍ക്കാര്‍ പദ്ധതികള്‍ രൂപീകരിക്കണമെന്നും തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. തൃശ്ശൂരില്‍ നടന്ന കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ യൂത്ത് കൗണ്‍സില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

യുവജന സംരംഭഗത്വം നേരിടുന്ന വെല്ലുവിളികളില്‍ സര്‍ക്കാര്‍ ഇടപെടലുകളക്കുറിച്ച് സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങില്‍ കേരളം മുന്‍നിരയിലെത്തി എന്ന കേരള സര്‍ക്കാരിന്റെ വാദത്തെ കേന്ദ്ര വ്യവസായ മന്ത്രി അത്തരം ഒരു റാങ്കിംഗ് പോലും നിലവിലില്ല എന്ന വാദത്തിലൂടെ തള്ളുകയാണ് ഉണ്ടായത്.

ഈ വാദം അടിസ്ഥാന രഹിതമാണ് എങ്കില്‍ രേഖകളോടെ തെളിയിക്കേണ്ട ബാധ്യത കേരള സര്‍ക്കാരിന് ഉണ്ടായിരുന്നു. ഈ അവസരത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണ് ഉണ്ടായത്. സംരംഭകത്വത്തില്‍ യുവജനങ്ങളെ വളര്‍ത്തുവാന്‍ സര്‍ക്കാര്‍ പദ്ധതികള്‍

ആവിഷ്‌കരിക്കുന്നുവെന്ന വാദഗതികള്‍ നിരത്തുകയും ബജറ്റ് പ്രസംഗങ്ങളില്‍ സ്ഥിരമായി പ്രതിപാദിക്കുകയും ചെയ്തിട്ടും അനുവദിക്കപ്പെട്ട സബ്‌സിഡി തുകകള്‍ പോലും നല്‍കുവാനോ, സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് നിലവിലുള്ള സഹായ ധനം വിതരണം ചെയ്യുവാനോ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുവാനോ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

വിവിധ മേഖലകളിലെ അനുമതിക്കായി സംരംഭകര്‍ നെട്ടോട്ടം ഓടുമ്പോള്‍ കൃത്യമായ കാരണങ്ങള്‍ ഇല്ലാതെ നടപടികള്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ നാടിന്റെ ശാപമായി മാറിയിരിക്കുന്നു. ഈ അവസ്ഥ തുടര്‍ന്നാല്‍ യുവജനങ്ങള്‍ കേരളത്തില്‍ തുടരുവാനുള്ള സാധ്യതകള്‍ പൂര്‍ണ്ണമായും ഇല്ലാതാകുമെന്നും യൂത്ത് കൗണ്‍സില്‍ പറഞ്ഞു.

യൂത്ത് കൗണ്‍സില്‍ ഗ്ലോബല്‍ ജനറല്‍ കോഡിനേറ്റര്‍ സിജോ ഇലന്തൂര്‍ അധ്യക്ഷത വഹിച്ച സംഗമത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണവും ഡയറക്ടര്‍ ഫാ ഫിലിപ്പ് കവിയില്‍ അനുഗ്രഹപ്രഭാഷണവും നടത്തി.

ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ജോസുകുട്ടി ഒഴുകയില്‍, വൈസ് പ്രസിഡന്റ് ട്രീസ ലിസ് സെബാസ്റ്റ്യന്‍, ഗ്ലോബല്‍ സെക്രട്ടറി ജോയ്‌സ് മേരി ആന്റണി, ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ആന്റോ തൊറയന്‍ എന്നിവര്‍ വിഷയാവതരണങ്ങള്‍ നടത്തി. തൃശ്ശൂര്‍ അതിരൂപത പ്രസിഡന്റ് ഡോ ജോബി കാക്കശ്ശേരി, ഡയറക്ടര്‍ ഫാ ജിജോ വള്ളുപാറ,

ഗ്ലോബല്‍ വൈസ് പ്രസിഡണ്ടുമാരായ ഡോ കെ എം ഫ്രാന്‍സിസ്, ബെന്നി ആന്റണി, അതിരൂപത ജനറല്‍ സെക്രട്ടറി കെ സി ഡേവിസ്, ഫാ. അനു ചാലില്‍, യൂത്ത് കൗണ്‍സില്‍ ഇരിങ്ങാലക്കുട രൂപത ജനറല്‍ കോഡിനേറ്റര്‍ സിജോ ബേബി, പാലക്കാട് രൂപത ജനറല്‍ കോഡിനേറ്റര്‍ എബി വടക്കേക്കര എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org