
തിരുവനന്തപുരം : രാഷ്ട്രപുരോഗതിയില്‍ ക്രൈസ്തവ സഭകളുടെ സേവനം ഏറെ മഹത്തരമാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഇക്ബാല്‍സിങ് ലാല്‍പുര അഭിപ്രായപ്പെട്ടു. അസംബ്ലി ഓഫ് ക്രിസ്ത്യന്‍ ട്രസ്റ്റ് സര്‍വീസസ് (ആക്ട്‌സ്) തിരുവനന്തപുരത്തു സംഘടിപ്പിച്ച ഫെയ്ത്ത് കോണ്‍ക്ലേവ് (വിശ്വാസസംഗമം) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹായം ആവശ്യ മുള്ളവരെ കണ്ടുപിടിക്കാനും കൈത്താങ്ങല്‍ നല്‍കുവാനും നമുക്കു ബാധ്യതയുണ്ട്. സ്‌നേഹമാണ് എല്ലാവരെയും കൂട്ടിയിണക്കുന്നത്. ഓരോരുത്തരും മറ്റുള്ളവരെ മനസ്സിലാക്കാന്‍ ശ്രമിക്കുകയും വിവിധ ആചാരങ്ങളുടെ അന്തഃസത്ത ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പിന്നിടുമ്പോള്‍ ദേശബോധത്തിന്റെയും ക്രൈസ്തവ സാഹോ ദര്യത്തിന്റെയും പുനഃസമര്‍പ്പണം നടത്തുവാന്‍ വിശ്വാസികള്‍ക്കു കഴിയണമെന്ന് സംഗമത്തില്‍ അധ്യക്ഷത വഹിച്ച കര്‍ദ്ദിനാള്‍ മാര്‍ ബസേലിയസ് ക്ലിമ്മിസ് കാതോലിക്ക ബാവ പറഞ്ഞു. ദൈവ ത്തിന്റെ കാരുണ്യമാണ് നമ്മെ ഐക്യത്തിലേക്കും കര്‍മ്മനിരതയിലേക്കും നയിക്കുന്നതെന്നും മുറിഞ്ഞുപോകാത്ത ബന്ധമാണ് ഇന്ന് ആവശ്യമായിരിക്കുന്നതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
ക്‌നാനായ സമുദായ മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് ഡോ. കുര്യാക്കോസ് മാര്‍ സേവേറിയോസ് ക്രിസ്മസ് സന്ദേശം നല്‍കി. കെ.സി.സി പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ്ജ്, മാവേലിക്കര രൂപതാ ധ്യക്ഷന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ശാന്തിഗിരി ആശ്രമം മേധാവി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ശശിതരൂര്‍ എം.പി., യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍, ബി.ജെ.പി നേതാവ് ജെ.ആര്‍. പത്മകുമാര്‍, വൈ.എം.സി.എ മുന്‍ പ്രസിഡന്റ് ഷെവ. ഡോ. കോശി എം. ജോര്‍ജ്, ബ്രദര്‍ പി.ജി. വര്‍ഗീസ്, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, നടന്‍ ബാബു ആന്റണി, നടന്‍ പ്രേംകുമാര്‍, ആക്ട്‌സ് ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് സെബാസ്റ്റ്യന്‍, മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി, മുന്‍ വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യന്‍, വൈസ് ചെയര്‍മാന്‍ പി.ജെ. ആന്റണി, തുടങ്ങിയവര്‍ പങ്കെടുത്തു.