കൊച്ചി : മാലിന്യനിര്‍മാര്‍ജനം നിരന്തര പ്രക്രിയയായി നമ്മുടെ ജീവിതശൈലിയായി മാറ്റണമെന്നും ശുചീകരണ പ്രവര്‍ത്തനം ഒരു ദിവസം മാത്രമായി ഒതുക്കരുതെന്നും ജീവിതരീതിയായി മാറണമെന്നും സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് ഉപഭോക്തൃ കാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ലോക ഹരിത ഉപഭോക്തൃ ദിനം ഉദ് ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചാവറ കള്‍ച്ചറല്‍ സെന്റര്‍, കാരിക്കാമുറി റെസിഡന്‍സ് അസോസിയേഷന്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, സ്‌കൂള്‍ ഓഫ് ടെക്‌നോളജി & അപ്ലയ്ഡ് സയന്‍സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഹരിത ഉപഭോക്തൃ ദിനം ആചരിച്ചത്.
മനുഷ്യന്റെ കയ്യിലേക്ക് ഭൂമി എത്തിച്ചേര്‍ന്നപ്പോള്‍, ഭാവി തലമുറയ്ക്കും വേണ്ടി കൂടിയാണ് പ്രകൃതി എന്ന് മനുഷ്യന്‍ വിസ്മരിച്ചു. നമ്മുടെ തോടുകള്‍ കയ്യേറിയാണ് റോഡുകള്‍ ഉണ്ടായതെന്ന് പുതിയ തലമുറയ്ക്ക് അറിയില്ല.
പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയുമ്പോഴാണ് നമ്മുടെ ജീവിതത്തില്‍ വില്ലനായും അപകടകാരിയായും മാറുന്നതെന്ന് തിരുവനന്തപുരത്ത് ഓട ശുചിയാക്കുന്നതിനിടയില്‍ മരണപെട്ടയാളെ അനുസ്മരിച്ചു കൊണ്ട് മന്ത്രി പറഞ്ഞു. ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ എറണാകുളം ജില്ലാ പ്രസിഡന്റ് ഡി. ബി. ബിനു അധ്യക്ഷത വഹിച്ചു.
ഹരിത കേരള മിഷന്റെ വിലയിരുത്തലിനു ശേഷം ചാവറ കള്‍ച്ചറല്‍ സെന്ററിനെ ഹരിത സ്ഥാപനമായി ചടങ്ങില്‍ പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി ജി. ആര്‍ അനില്‍, മെമെന്റോ സര്‍ട്ടിഫിക്കേറ്റ് ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി. എം. ഐ. യ്ക്ക് നല്‍കി. പരിസ്ഥിതി സൗഹൃദ ഹരിത ഭവനമാക്കിയ വി. കെ. കൃഷ്ണനെ മന്ത്രി ആദരിച്ചു.
സ്‌കൂളുകളിലും കലാലയങ്ങളിലും കണ്‍സ്യൂമര്‍ ക്ലബ്ബുകള്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി കൊച്ചിന്‍ കോളേജിലും ഇടപ്പള്ളി സ്‌കൂള്‍ ഓഫ് ടെക്‌നോളജി & അപ്ലൈഡ് സയന്‍സ്, ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ കണ്‍സ്യൂമര്‍ ക്ലൂബ് കളുടെ രൂപീകരണവും മന്ത്രി പ്രഖ്യാപിച്ചു. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു.
മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യൂസ് വര്ഗീസ്, അഡ്വ. ഹരീഷ് വാസുദേവന്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി. എം. ഐ., ഹരിത കേരള മിഷന്‍ കൊച്ചി കോര്‍പറേഷന്‍ കോഡിനേറ്റര്‍ നിസാ എന്നിവര്‍ പ്രസംഗിച്ചു.