

പൊന്നുരുന്നി: കാലഘട്ടത്തിന്റെ ആവശ്യങ്ങളനുസരിച്ച് സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റാൻ ജനപ്രതിനിധികൾ അറിവുള്ളവരായിരിക്കണമെന്ന് ഹൈബി ഈഡൻ എം.പി. അഭിപ്രായപ്പെട്ടു. എറണാകുളം- അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയികളായ സംഘാംഗങ്ങൾക്ക് സ്വീകരണം നൽകുന്നതിന് സംഘടിപ്പിച്ച എറണാകുളം, പറവൂർ മേഖലാതല വനിതാ നേതൃസംഗമം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യപ്രവർത്തനത്തിൽ വിശ്വാസ്യത നേടിയെടുക്കാൻ കാലങ്ങളായുള്ള പ്രവർത്തനങ്ങളിലൂടെ സഹൃദയയ്ക്കു കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. പൊന്നുരുന്നി കർദിനാൾ പാറേക്കാട്ടിൽ ഹാളിൽ നടത്തിയ യോഗത്തിൽ സഹൃദയ അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി പുതിയാപറമ്പിൽ അധ്യക്ഷനായിരുന്നു.
സ്ഥലം മാറിപ്പോകുന്ന സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിലിന് സഹൃദയ സംഘാംഗങ്ങൾ യാത്രയയപ്പു നൽകി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയിച്ച സംഘാംഗങ്ങളെയും സഹൃദയ സംഘാംഗങ്ങളുടെ കുടുംബങ്ങളിൽ നിന്ന് എസ് .എസ് .എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും യോഗത്തിൽ ആദരിച്ചു.
സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി, ജനറൽ മാനേജർ പാപ്പച്ചൻ തെക്കേക്കര, അസിസ്റ്റന്റ് ജനറൽ മാനേജർ സുനിൽ സെബാസ്റ്റ്യൻ, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മെർലി ജയിംസ്, മെഴ്‍സമ്മ ഔസേപ്പച്ചൻ, പ്രിൻസി ഡൊമിനിക് എന്നിവർ സംസാരിച്ചു.