
കാവുംകണ്ടം: വിവാഹ ജൂബിലിയോട് അനുബന്ധിച്ച് കാവുംകണ്ടം ഇടവകയിലെ നിര്‍ധന കുടുംബമായ ഇടമന റാണിയുടെ കുടുംബത്തിന് വീട് വയ്ക്കാന്‍ 5 സെന്റ് സ്ഥലം വിട്ടുനല്‍കിക്കൊണ്ട് ദമ്പതികള്‍ മാതൃകയായി. കാവുംകണ്ടം ഇടവകയിലെ നെല്ലിത്താനത്തില്‍ കുഞ്ഞേപ്പ് ത്രേസ്യ ദമ്പതികളാണ് തങ്ങളുടെ വിവാഹത്തിന്റെ ഷഷ്ടിപൂര്‍ത്തിയോടനുബന്ധിച്ച് സ്ഥലം വിട്ടു കൊടുക്കാന്‍ സന്മനസ്സോടെ മുന്നോട്ടുവന്നത്. ഇടവകയില്‍ കിടപ്പാടം ഇല്ലാത്ത കുടുംബത്തിന് തലചായ്ക്കാന്‍ ഇടം നല്‍കണമെന്ന ഇടവക വികാരി ഫാ. സ്‌കറിയ വേകത്താനത്തിന്റെ നിര്‍ദ്ദേശവും ഉപദേശവും സ്വകരിച്ചാണ് ഇത്തരം സദുദ്യമത്തിന് മുന്നിട്ടിറങ്ങിയത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇടവകയിലെ ഭവനരഹിതരായ ഒരു കുടുംബത്തിന് 4 സെന്റ് സ്ഥലം വീടുവയ്ക്കാന്‍ വിട്ടു നല്‍കിക്കൊണ്ട് ഒരു കുടുംബത്തിന് തണലേകിയ കുഞ്ഞേപ്പുചേട്ടന്‍ ഇതിനോടൊപ്പം നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. കോവിഡ് കാലത്ത് കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസിനുവേണ്ടി മൊബൈല്‍ ഫോണ്‍ വാങ്ങുവാന്‍ നിര്‍വാഹമില്ലാത്ത പത്തു കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി കുട്ടികള്‍ക്ക് പഠനസൗകര്യം ഒരുക്കി നല്‍കിയതും ഏറെ പ്രശംസ പിടിച്ചു പറ്റിയ പ്രവര്‍ത്തനമായിരുന്നു. വഴി സൗകര്യം ഇല്ലാതിരുന്ന ഏതാനും കുടുംബങ്ങള്‍ക്ക് നടപ്പ് വഴി നല്‍കുകയും കുഞ്ഞേപ്പുചേട്ടന്‍ മാതൃകയായി. തന്റെ സ്വത്തിലെ നാല് സെന്റ് സ്ഥലം ഒരു നിര്‍ധന കുടുംബത്തിന് വീട് വയ്ക്കാന്‍ വിട്ടു നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് കുഞ്ഞേപ്പുചേട്ടനും കുടുംബവും. സമൂഹത്തിലെ നിരാലംബരോടും പാവപ്പെട്ടവരോടുമുള്ള സ്‌നേഹത്തിന്റെയും കരുതലിന്റെയും മാതൃകായോഗ്യമായ പ്രവര്‍ത്തനമാണ് നെല്ലിത്താനത്തില്‍ കുഞ്ഞേപ്പുചേട്ടനും കുടുംബവും സമൂഹത്തില്‍ ചെയ്യുന്നതെന്ന് കാവുംകണ്ടം പള്ളി വികാരി ഫാ. സ്കറിയ വേകത്താനം പ്രസ്ഥാപിച്ചു. വിവാഹത്തിന്റെ അറുപതാം ജൂബിലിയോടനുബന്ധിച്ച് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇത്തരം അനുകരണീയ പ്രവര്‍ത്തനങ്ങള്‍ തുടരട്ടെ എന്ന് വികാരിയച്ചന്‍ ആശംസിച്ചു. കോവിഡ് കാലയളവില്‍ എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷ്യകിറ്റ് നല്‍കിയും ഏതാനും വീടുകളുടെ അറ്റകുറ്റപ്പണികള്‍ ചെയ്തും രണ്ട് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയും സമൂഹത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയ കാവുംകണ്ടം ഇടവക ഇതിനോടകം നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. എല്ലാ മാസവും കാരുണ്യ സ്ഥാപനങ്ങള്‍ക്ക് പൊതിച്ചോര്‍ ശേഖരിച്ച് വിതരണം ചെയ്യുന്നു. വസ്ത്രം, ഭക്ഷ്യവസ്തുക്കള്‍, പഠനോപകരണങ്ങള്‍ എന്നിവ ഇടവകയിലെ വീടുകളില്‍ നിന്ന് ശേഖരിച്ച് കാരുണ്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നു. കാവുംകണ്ടം ഇടവകയിലെ കുടുംബകൂട്ടായ്മാടിസ്ഥാനത്തില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു