വിളക്കന്നൂര്‍ ദിവ്യകാരുണ്യ അത്ഭുത വാര്‍ഷികവും ദിവ്യകാരുണ്യ സെന്റര്‍ ശിലാസ്ഥാപനവും

Anniversary of the Eucharistic Miracle at Vilakkannoor and Foundation Stone Laying for the Eucharistic Centre
Published on: 

കണ്ണൂര്‍: ഭാരതത്തിലെ പ്രഥമ ദിവ്യകാരുണ്യ അത്ഭുതമായി വത്തിക്കാന്‍ അംഗീകരിച്ച വിളക്കന്നൂര്‍ ക്രിസ്തുരാജ തീര്‍ത്ഥാടന ദൈവാലയത്തിലെ ദിവ്യ കാരുണ്യ അത്ഭുതത്തിന്റെ 13-ാമത് വാര്‍ഷിക ആഘോഷവും പുതിയ ദിവ്യകാരുണ്യ സെന്ററിന്റെ ശിലാസ്ഥാപന കര്‍മ്മവും നവംബര്‍ 15 നു നടക്കും.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ പ്രഥമ ഔദ്യോഗിക സന്ദര്‍ശ നവും നാളെയാണ്. രാവിലെ 9.45-ന് ദൈവാലയ അങ്കണത്തില്‍ മാര്‍ റാഫേല്‍ തട്ടിലിന് സ്വീകരണം നല്‍കും.

10.00-ന് മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ കൃതജ്ഞതാബലി അര്‍പ്പിക്കും. തലശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംപ്ലാനി, അതിരൂപതാ വികാരി ജനറാള്‍ ഫാ. ആന്റണി മുതുകുന്നേല്‍, ഫാ. ആന്റണി മഞ്ഞളാംകുന്നേല്‍,അതിരൂപത ചാന്‍സലര്‍ ഫാ. ജോസഫ് മുട്ടത്തുകുന്നേല്‍ എന്നിവര്‍ സഹകാര്‍മ്മികരാകും.

ഉച്ചയ്ക്ക് 12.00-ന് ദിവ്യകാരുണ്യ സെന്ററിന്റെ ശിലാ വെഞ്ചരിപ്പ് കര്‍മ്മം മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിക്കും. ദിവ്യകാരുണ്യ അത്ഭുതം നടക്കുമ്പോള്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരുന്ന ഫാ. തോമസ് പതിക്കലിന്റെ കബറിട സന്ദര്‍ശനവും തുടര്‍ന്ന് നേര്‍ച്ച ഭക്ഷണവും 12.15-ന് നടക്കും.

രാവിലെ 5.30, 7.30, ഉച്ചയ്ക്ക് 12.30 (ഇംഗ്ലീഷ്), വൈകുന്നേരം 3.30 (സീറോ മലങ്കര), 5.30, രാത്രി 7.00 എന്നീ സമയങ്ങളിലും വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും.

21-ന് വൈകുന്നേരം 6.30-ന് തിരുനാള്‍ പ്രദക്ഷിണം. പ്രധാന തിരുനാള്‍ ദിനമായ നവംബര്‍ 22ന് രാവിലെ 10.00-ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയും (ആംഗ്യഭാഷയിലും കുര്‍ബാന ഉണ്ടാകും) വചന സന്ദേശവും. തുടര്‍ന്ന് രാജത്വതിരുനാള്‍ റാലിയും സ്‌നേഹവിരുന്നും സമാപന ആശീര്‍വാദവും നടക്കും.

101 മണിക്കൂര്‍ അഖണ്ഡ ആരാധനയോടെയാണ് തിരുനാളിന് തുടക്കമായത്. വികാരി ഫാ. തോമസ് കീഴാരത്തില്‍ തിരുനാളിന് കൊടിയേറ്റി. കോതമംഗലം രൂപതാമെത്രാന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

2013 നവംബര്‍ 15 നാണ് വിളക്കന്നൂരില്‍ ദിവ്യകാരുണ്യ അത്ഭുതം സംഭവിച്ചത്. വര്‍ഷങ്ങള്‍ നീണ്ട ശാസ്ത്രീയ-ദൈവശാസ്ത്ര പരിശോധനകള്‍ക്ക് ഒടുവില്‍ 2025 മെയ് 31-ന് വത്തിക്കാന്‍ അംഗീകരിച്ചു. ഇന്ത്യയിലെ അന്നത്തെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ് ഡോ. ലിയോ പോള്‍ദോ ഗിറേല്ലി വിളക്കന്നൂര്‍ പള്ളിയില്‍ വെച്ചാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

മുന്‍കൂട്ടി അറിയിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് താമസ- ഭക്ഷണ സൗകര്യങ്ങള്‍ ലഭ്യമാണ്.