ലിസിയിലെ അനുഭവസമ്പത്തുമായി എല്‍ എഫ് ആശുപത്രിയിലേക്ക് ഫാ. വൈക്കത്തുപറമ്പില്‍

ലിസിയിലെ അനുഭവസമ്പത്തുമായി എല്‍ എഫ് ആശുപത്രിയിലേക്ക് ഫാ. വൈക്കത്തുപറമ്പില്‍

അങ്കമാലി: മധ്യകേരളത്തിലെ രണ്ടു പ്രമുഖ ആശുപത്രികളുടെ ഡയറക്ടര്‍ പദവി വഹിച്ചിട്ടുള്ള ആദ്യത്തെയാളായി മാറുകയാണ് അങ്കമാലി എല്‍ എഫ് ആശുപത്രിയുടെ പുതിയ ഡയറക്ടറായി ചുമതലയേറ്റിരിക്കുന്ന ഫാ. തോമസ് വൈക്കത്തുപറമ്പില്‍. നേരത്തെ എറണാകുളം ലിസി ആശുപത്രിയുടെ ഡയറക്ടറായി അനേകം വര്‍ഷങ്ങള്‍ അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. പള്ളിപ്പുറം ഫൊറോന വികാരിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഇതുവരെ.

റോമില്‍ ഉപരിപഠനത്തിനു ശേഷം, അഹമ്മദാബാദ് ഐ ഐ എമ്മില്‍ നിന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റില്‍ ഡിപ്ലോമയും, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്‌മെന്റില്‍ നിന്ന് ഹോസ്പിറ്റല്‍ ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ മാനേജ്‌മെന്റില്‍ എം ബി എ യും നേടിയിട്ടുണ്ട് ഫാ. വൈക്കത്തുപറമ്പില്‍. 'ചായ്' കേരള പ്രസിഡന്റ്, ദേശീയ വൈസ് പ്രെസിഡന്റ്, കോണ്‍ഫെഡറേഷന്‍ ഓഫ് പ്രൈവറ്റ് ഹോസ്പിറ്റല്‍ അസ്സോസിയേഷന്‍ ചെയര്‍മാന്‍, അതിരൂപത സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍, സംസ്ഥാന സര്‍ക്കാരിന്റെ ഹോസ്പിറ്റല്‍സ് മിനിമം വേജസ് റിവിഷന്‍ കമ്മിറ്റി അംഗം, കേരള സ്‌റ്റേറ്റ് ഐ ആര്‍ സി അംഗം, കാര്‍ഡിയോളജി സൊസൈറ്റി - ഓഫ് ഇന്ത്യയുടെ എത്തിക്‌സ് കമ്മിറ്റി അംഗം എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്. എല്‍ എഫ് ആശുപത്രിയുടെ നിലവിലെ ഡയറക്ടര്‍ ഫാ. ഡോ. ജോയ് അയിനിയാടന്‍ എളംകുളം ലിറ്റില്‍ ഫ്‌ളവര്‍ ചര്‍ച്ച് വികാരിയായി സ്ഥലം മാറിപോയ ഒഴിവിലേക്കാണ് ഫാ. വൈക്കത്തുപറമ്പിലിന്റെ നിയമനം. ഫാ. പോള്‍സണ്‍ പെരേപ്പാടന്‍ അസിസ്റ്റന്റ് ഡയറക്ടറായും ചുമതലയേറ്റു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org