വിദ്യാരംഗം പ്രവര്‍ത്തന ഉദ്ഘാടനം

വിദ്യാരംഗം പ്രവര്‍ത്തന ഉദ്ഘാടനം
Published on

അങ്ങാടിപ്പുറം: ഇന്നത്തെ ലോകക്രമം വിദ്യാഭ്യാസത്തിന്‍റെ അടിസ്ഥാനലക്ഷ്യങ്ങളില്‍നിന്നും അകന്നുപോയെന്നും കേവലം പണമുണ്ടാക്കാനുള്ള യന്ത്രങ്ങളായി വിദ്യാര്‍ത്ഥികളെ വളര്‍ത്തരുതെന്നും എഴുത്തുകാരന്‍ കെ.പി. രാമനുണ്ണി. വിദ്യാരംഗം കലാസാഹിത്യവേദി മങ്കട ഉപജില്ലാ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അപരനെ സഹിക്കാന്‍ പറ്റാത്തതാണ് ഇന്നത്തെ പ്രശ്നം. യഥാര്‍ത്ഥ മതവിശ്വാസിക്ക് ഒരു വര്‍ഗീയവാദിയോ ഭീകരവാദിയോ ആകാന്‍ കഴിയില്ല. അസഹിഷ്ണുത വിശ്വാസിയുടെ ലക്ഷണമല്ല. അയല്ക്കാരനെ തോല്പിക്കുന്നതില്‍ ആനന്ദം കാണരുത്. മനുഷ്യത്വത്തെ സ്നേഹാദരങ്ങളോടെ ചേര്‍ത്തുപിടിക്കുന്ന മഹിതപാരമ്പര്യം നാം മറക്കരുത് – കെ.പി. രാമനുണ്ണി ഓര്‍മിപ്പിച്ചു.

പൂപ്പലം ഒഎയുപി സ്കൂളില്‍ നടന്ന സമ്മേളനത്തില്‍ എഇഒസി.എം. പ്രേമാനന്ദ് ആദ്ധ്യക്ഷ്യം വഹിച്ചു. വിദ്യാരംഗം ഉപജില്ലാ കോഓര്‍ഡിനേറ്റര്‍ മനോജ് വീട്ടുവേലിക്കുന്നേല്‍ സ്കൂള്‍ മാനേജര്‍ അഡ്വ. കെ.ടി. ഉമ്മര്‍, പിടി എ പ്രസിഡന്‍റ് വി.ടി. ഷെരീഫ്, കെ.കെ. മുഹമ്മദ് അന്‍വര്‍, ബിന്ദു വെങ്ങാട്, ഡെയ്സി മഠത്തിശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.

വായനാവാരം പ്രവര്‍ത്തനങ്ങളില്‍ പ്രകടനം കാഴ്ചവച്ച വിദ്യാലയങ്ങള്‍ക്കുള്ള ഉപഹാരം കെ.പി. രാമനുണ്ണി നല്കി. തുടര്‍ന്നു നടന്ന കവിസമ്മേളനത്തില്‍ പി. എസ്. പ്രീതി, മമത റോസ്, പി. ഹിബമോള്‍, ഗൗരി, എം. മജീദ്, ജി. ശ്രീജിത്ത്, കെ. നീതി, പി. സജിത, സി. ഗിരിജ, അനില്‍ വെങ്ങാട്, ഷമീമ വലമ്പൂര്‍, എം. മായ എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. കഥാകൃത്ത് കെ.പി. രാമനുണ്ണിയുമായി നടന്ന മുഖാമുഖം പരിപാടിയും ശ്രദ്ധേയമായി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org