
പൊന്നുരുന്നി: തങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന അദ്ഭുതങ്ങള്‍ കണ്ടെത്തുന്നതിനും അവ വളര്‍ത്തി ജീവിതവിജയം നേടുന്നതിനുമുള്ള അവസരമായാണ് വിദ്യാഭ്യാസത്തെ കുട്ടികള്‍ കാണേണ്ടതെന്ന് റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സോഫി തോമസ് അഭിപ്രായപ്പെട്ടു.
എറണാകുളം-അങ്കമാലി മേജര്‍ അതിരൂപത സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയ, ജര്‍മ്മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റേ ഓഫ് ഹോപ് ചൈല്‍ഡ് ഫൗണ്ടേഷനുമായി സഹകരിച്ച് നടപ്പാക്കുന്ന വിദ്യാദര്‍ശന്‍ പദ്ധതിയുടെ ഭാഗമായി പൊന്നുരുന്നി സഹൃദയ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജസ്റ്റീസ്.
ചുറ്റുമുള്ള മനുഷ്യരെ മനസ്സിലാക്കാനും ആവശ്യമനുസരിച്ച് സഹായിക്കാനുമുള്ള അറിവും നേടുന്നതാണ് ശരിയായ വിദ്യാഭ്യാസമെന്നും അവര്‍ ചൂണ്ടിക്കാട്ടി. അതിരൂപത വികാരി ജനറല്‍ ഫാ. ജിമ്മി പൂച്ചക്കാട്ട് അധ്യക്ഷനായിരുന്നു.
നമുക്ക് ആവശ്യമുള്ളത് മറ്റുള്ളവരില്‍ നിന്ന് സ്വീകരിക്കുന്നതുപോലെ കഴിയുന്ന വിധത്തില്‍ മറ്റുള്ളവരെ സഹായിക്കുന്നതിനും നമുക്ക് മനസ്സുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
റേ ഓഫ് ഹോപ് ചൈല്‍ഡ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഫാ. തോമസ് മുട്ടം മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു. വിദ്യാദര്‍ശന്‍ ടീ ഷര്‍ട്ടുകളുടെ വിതരണം ഫാ. ജിമ്മി പൂച്ചക്കാട്ട് നിര്‍വഹിച്ചു. സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍,
ഡയറക്ടര്‍ ബോര്‍ഡ് അംഗം സിജോ പൈനാടത്ത്, അസി. ഡയറക്ടര്‍ ഫാ. സിബിന്‍ മനയംപിള്ളി, പ്രോഗ്രാം ഓഫീസര്‍ കെ ഒ മാത്യുസ്, വിദ്യാദര്‍ശന്‍ കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജൂലി എന്നിവര്‍ സംസാരിച്ചു.