കാഞ്ഞൂര്‍: സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വിശ്വാസപരിശീലനം നേടുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്കായി രക്ഷാകര്‍ത്തൃ സംഗമവും, സെമിനാറും സംഘടിപ്പിച്ചു. വടവാതൂര്‍ സെമിനാരിയില്‍ ഫിലോസഫി വിഭാഗം അധ്യാപകനായ റവ. ഫാ. മാര്‍ട്ടിന്‍ ശങ്കുരിക്കല്‍ ക്ലാസ്സ് നയിച്ചു. സൈബര്‍ ലോകത്തിന്റെ മാസ്മരിക വലയത്തില്‍ അതിവേഗം ആകൃഷ്ടരാകുന്ന കുട്ടികളുടെ സ്വഭാവവൈകൃതങ്ങളെക്കുറിച്ച് അച്ചന്‍ മാതാപിതാക്കളോട് വിശദീകരിച്ചു. കുട്ടികള്‍ മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങിയവ ഉപയോഗിക്കുന്നത് എന്ത് ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് എന്ന് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം. അവര്‍ എന്തെല്ലാമാണ് സേര്‍ച്ച് ചെയ്യുന്നത്, കാണുന്നത് എന്തെല്ലാം എന്നൊക്കെ ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണെന്ന് അച്ചന്‍ പറഞ്ഞു. ഇതറിയാന്‍ ഇന്ന് മൊബൈല്‍ ആപ്പുകള്‍ വരെ ലഭ്യമാണെന്നും അച്ചന്‍ സൂചിപ്പിച്ചു. തിരിച്ചറിവില്ലാത്ത പ്രായത്തില്‍ ശരിയേത് തെറ്റേത് എന്ന് കുട്ടികള്‍ക്ക് അറിവുണ്ടാകില്ല. ആ അറിവ് നല്‍കേണ്ടത് കുട്ടികളുടെ പ്രഥമ അധ്യാപകരായ മാതാപിതാക്കള്‍ തന്നെയാണ്.
ഇന്നത്തെ സിനിമകള്‍ കുട്ടികളില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അച്ചന്‍ വിശദീകരിച്ചു. സിനിമയിലെ പോസിറ്റീവും, നെഗറ്റീവും വിവേചിച്ചറിയാനുള്ള കഴിവ് കുട്ടികള്‍ക്കില്ല. സിനിമയിലെ നെഗറ്റീവ് കഥാപാത്രങ്ങളെപോലും അതേപടി അനുകരിക്കാന്‍ ശ്രമിക്കുകയാണ് കുട്ടികള്‍.
പുറം രാജ്യങ്ങളില്‍ പോകുന്ന കുട്ടികളോട് ജീവിതത്തിന്റെ വിജയം സമ്പത്തല്ല എന്ന് പറഞ്ഞു കൊടുക്കാന്‍ ഓരോ മാതാപിതാക്കള്‍ക്കും കഴിയണമെന്നും അച്ചന്‍ ഓര്‍മ്മിപ്പിച്ചു.
റെഗുലര്‍ ക്ലാസിന്റെ പ്രാധാന്യം കാറ്റിക്കിസം ക്ലാസുകള്‍ക്ക് കൊടുക്കുന്ന എത്ര മാതാപിതാക്കള്‍ ഉണ്ടാകുമെന്ന് അച്ചന്‍ സംശയം പ്രകടിപ്പിക്കുകയുണ്ടായി. വിശ്വാസ പരിശീലകരെ ബഹുമാനിക്കാന്‍ മാതാപിതാക്കള്‍ കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ? കാറ്റിക്കിസം അധ്യാപകരെടുക്കുന്ന അധ്വാനത്തെ കാണാതെ പോകരുതെന്നും അച്ചന്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ മാതാപിതാക്കള്‍ക്ക് ചിന്തനീയമായ നിരവധി കാര്യങ്ങള്‍ പ്രൊജക്ടര്‍ സഹായത്തോടെ അച്ചന്‍ വിശദീകരിച്ചു.
ക്ലാസ്സിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് രക്ഷാകര്‍ത്തൃ പ്രതിനിധി ശ്രീ. സജീവ് മനയംപിള്ളി തുടര്‍ന്ന് സംസാരിച്ചു. അച്ചന്‍ പറഞ്ഞതുപോലെ, വെള്ള കടലാസ് പോലെയുള്ള കുട്ടികളുടെ മനസ്സില്‍ മാതാപിതാക്കള്‍ എന്ത് എഴുതി നല്‍കുന്നുവോ അതായിരിക്കും അവരെ മുന്നോട്ട് നയിക്കുക എന്നും, വെള്ള കടലാസ്സിന് നിറം മാറ്റവും, അതില്‍ വിവിധ വര്‍ണ്ണങ്ങള്‍ ചേരുന്നതുപോലെ കുട്ടികളുടെ ജീവിതത്തില്‍ അഭിപ്രായങ്ങള്‍, ഇഷ്ടങ്ങള്‍, കടുംപിടുത്തങ്ങള്‍ ഒക്കെ ഉണ്ടാകാം. ഇത് മാതാപിതാക്കള്‍ക്ക് അനിഷ്ടമുണ്ടാക്കുന്നതായാലും അവരെ സ്‌നേഹിച്ച് അങ്ങേയറ്റം ചേര്‍ത്തുപിടിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിഞ്ഞാല്‍ മാത്രമേ മക്കളും മാതാപിതാക്കളും തമ്മിലുള്ള കുടുംബജീവിതം സുദൃഡവും, സന്തോഷകരവും ആവുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് എ+ ഉം, എ ഗ്രേഡ് ഉം വാങ്ങിയ കുട്ടികളുടെ മാതാപിതാക്കളെ അനുമോദിച്ചു. പാരിഷ് കാറ്റക്കിസം കൗണ്‍സിലിലേക്ക് മാതാപിതാക്കളുടെ പ്രതിനിധികളെ തിരഞ്ഞെടുത്തു.
മാതാപിതാക്കളുടെ രജിസ്‌ട്രേഷന് വിശ്വാസ പരിശീലകരോടൊപ്പം, ഇടവകയിലെ യുവജന സംഘടനകളായ കെ സി വൈ എം, സി എം എല്‍ എന്നിവരുടെ സഹായവും ലഭിച്ചു. 380 മാതാപിതാക്കള്‍ സെമിനാറില്‍ പങ്കെടുത്തു.
വികാരി റവ. ഫാ. ജോയ് കണ്ണമ്പുഴ, അസി. ഡയറക്ടര്‍ റവ. ഫാ. ഡോണ്‍ മുളവരിക്കല്‍, പ്രധാനാധ്യാപകന്‍ സിനു പുത്തന്‍പുരയ്ക്കല്‍, സെക്രട്ടറി റവ. സി. ഷാലി റോസ് എന്നിവര്‍ നേതൃത്വം നല്‍കി.