
എറണാകുളം : എറണാകുളം റെയിൽവേ ചൈൽഡ് ലൈനിന്റെയും, സഹൃദയയുടെയും നേതൃത്വത്തിൽ ഗവണ്മെന്റ് ഗേൾസ് ഹോമിലെ കുട്ടികൾക്കായി ഒരുക്കിയ അവധിക്കാല ക്യാമ്പ് സൗത്ത് റെയിൽവേ ഏരിയ മാനേജർ ഡി. പരിമളൻ ഉദ്ഘാടനം ചെയ്തു. പഠനത്തിലൂടെയും, കലാകായിക പരമായ കഴിവുകളിലൂടെയും ഓരോരുത്തരുടെയും സ്വപ്‌നങ്ങൾ നേടിയെടുക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കഥകളിലൂടെ കുട്ടികളുമായി അൽപനേരം സംവദിക്കുകയും ചെയ്തു. സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിബിൻ മനയമ്പിള്ളി, റെയിൽവേ ചൈൽഡ് ലൈൻ കോർഡിനേറ്റർ ഏർണസ്റ്റ് ലെസ്‌ലി മൊന്തോ, ഗവണ്മെന്റ് ഗേൾസ് ഹോം സൂപ്രണ്ട് മഞ്ജു. ആർ. നായർ, റെയിൽവേ ചൈൽഡ് ലൈൻ പ്രവർത്തകരായ ആന്റണി പൗലോസ്, ക്രിസ്റ്റഫർ മെജോ, ടോം എബ്രഹാം എന്നിവർ പ്രസംഗിച്ചു. ജിസ്ന ബേബി, റിപ്സി റോച്ച, അഞ്ജലി കൃഷ്ണ, അനന്തു ബിജു എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. വ്യക്തി ശുചിത്വവും, വ്യക്തിത്വ വികാസവും കുട്ടികളിൽ വളർത്തിയെടുക്കുന്ന ക്ലാസുകളും, അതിനോടനുബന്ധിച്ച ഗെയിമുകളും ക്യാമ്പിൽ നടത്തി. എറണാകുളം റെയിൽവേ ചൈൽഡ് ലൈനിന്റെ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ജില്ലയിലെ ഗവണ്മെന്റ് ഗേൾസ് ഹോം അധികൃതരുടെ സഹകരണത്തോടെ അന്തേവാസികളായ കുട്ടികൾക്ക് ക്യാമ്പ് ഒരുക്കിയത്.