
2022 ലെ മികച്ച ഗ്രന്ഥത്തിനുളള ഉഗ്മ സാഹിത്യ അവാര്‍ഡ് ഡോ. ജോര്‍ജ് തയ്യില്‍ രചിച്ച 'സ്വര്‍ണ്ണം അഗ്‌നിയിലെന്നപോലെ ഒരു ഹൃദ്രോഗവിദഗ്ധന്റെ ജീവിത സഞ്ചാരക്കുറിപ്പുകള്‍' എന്ന ആത്മകഥയ്ക്ക് സംസ്ഥാന മന്ത്രി ശ്രീ റോഷി അഗസ്റ്റിന്‍ സമ്മാനിച്ചു. ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഉമ്മ പ്രസിഡന്റ് എബ്രഹാം ജോണ്‍ അദ്ധ്യക്ഷത വഹിച്ചു.
നെടുമ്പാശ്ശേരിയിലെ സാജ് ഏര്‍ത്ത് റിസോര്‍ട്ട് ഹാളില്‍ വച്ചുനടക്കുന്ന ആര്‍.ജെ കണ്‍വെന്‍ഷനില്‍ ജനുവരി 7-ാം തീയതി വൈകിട്ട് 3നു സമ്മേളനത്തിലാണ് അവാര്‍ഡ് സമ്മാനിച്ചത്.
ഒരു പത്രപ്രവര്‍ത്തകനായി ജീവിതം ആരംഭിച്ച പ്രശസ്ത ഹൃദ്രോഗവിദഗ്ധനായ ഡോ. ജോര്‍ജ് തയ്യിലിന്റെ ജീവിതസഞ്ചാരക്കുറിപ്പുകളാണ് ഈ ഗ്രന്ഥം.
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ഇതുവരെ ലോകം കേട്ടിട്ടില്ലാത്ത ഒട്ടുവളരെ സവിശേഷതകള്‍ ഡോ. തയ്യില്‍ തന്റെ ആത്മകഥാക്കുറിപ്പുകള്‍ക്കൊപ്പം ഗ്രന്ഥത്തില്‍ അനാവരണം ചെയ്യുന്നു. ജര്‍മ്മനിയിലും ഓസ്ട്രിയയിലുമായി 20 വര്‍ഷം പഠനവും ജോലിയും ചെയ്തശേഷം എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ ഹൃദ്രോഗവിഭാഗത്തിന്റെ സ്ഥാപക മേധാവിയായി കഴിഞ്ഞ 30 വര്‍ഷക്കാലത്തോളം സേവനം അനുഷ്ഠിക്കുന്ന ഡോ. തയ്യിലിന്റെ ഏഴാമത്തെ പുസ്തകമാണ് ഡി.സി. കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച 'സ്വര്‍ണ്ണം അഗ്‌നിയിലെന്നപോലെ'.
പഠിക്കുന്ന കാലത്തുതന്നെ എഴുത്തില്‍ തിളങ്ങിയിരുന്ന പ്രതിഭ. അങ്ങനെ പത്രപ്രവര്‍ത്തകനും കഥാകൃത്തുമായി ജീവിതം ആരംഭിച്ച ഡോ. ജോര്‍ജ് തയ്യില്‍ എന്ന പ്രശസ്തനായ ഹൃദ്രോഗവിദഗ്ധന്റെ അതിമനോഹരമായ അനുഭവസാക്ഷ്യങ്ങള്‍. അതീവചാരുതയാണ് ഡോ. തയ്യില്‍ ഈ ഗ്രന്ഥരചനയ്ക്ക് ഉപയോഗിച്ചിരിക്കുന്ന ഭാഷയ്ക്ക്. ജീവിതം കെട്ടിപ്പടുക്കാന്‍ ഒരു മലയാളി വിദേശത്ത് ആദ്യകാലങ്ങളില്‍ അനുഭവിക്കുന്ന എല്ലാ കഷ്ടപ്പാടുകളും ഏറെ ഹൃദയസ്പൃക്കായി ഡോ. തയ്യില്‍ തന്റെ പുസ്തകത്താളുകളില്‍ കോറിയിടുന്നു.
'സ്വര്‍ണ്ണം അഗ്‌നിയിലെന്നപോലെ' എന്ന ആത്മകഥാഗ്രന്ഥത്തില്‍ ജീവിതത്തിലേക്ക് മഹത്തായ ലോകസാഹിത്യരചനകളില്‍ നിന്ന് സ്വാംശീകരിച്ച് ചാലിച്ചു ചേര്‍ത്തത്രയും അവതരിപ്പിക്കാന്‍ കഴിഞ്ഞത് ഇനിയും ഡോ. തയ്യിലിന്റെ സാഹിത്യാഭിമുഖ്യത്തിന്റെ നേര്‍ചിത്രമാണ്. അതുകൊണ്ടുതന്നെ ഈ പുസ്തകത്തില്‍ സൂക്ഷ്മബുദ്ധിയുള്ള, സാഹിത്യരചനയുടെ മാര്‍ഗ്ഗം ഗ്രഹിച്ച ഹൃദയാലുവായ ഒരെഴുത്തുകാരന്റെ കരസ്പര്‍ശം കാണാവുന്നതാണ്. എഴുത്തെന്ന കര്‍മ്മം തന്നിലേല്പിക്കുന്ന ഉത്തരവാദിത്വങ്ങളെക്കുറിച്ചുളള തിരിച്ചറിവുകളോടെ ആകര്‍മ്മത്തിന്റെ വിശുദ്ധി ഡോ. ജോര്‍ജ് തയ്യില്‍ തന്റെ 'സ്വര്‍ണ്ണം അഗ്‌നിയിലെന്നപോലെ' എന്ന ആത്മകഥാഗ്രന്ഥത്തില്‍ ആവാഹിക്കുന്നു.