

ഒല്ലൂര്‍: സമാപനത്തിന്‍റെ ഭാഗമായി തൈക്കാട്ടുശ്ശേരി സെന്‍റ് പോള്‍സ് പള്ളിയില്‍ മുന്‍ വികാരി ഫാ. തോമസ് കാക്കശ്ശേരിയുടെ നേതൃത്വത്തില്‍ കൃതജ്ഞതാ സമൂഹബലി അര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്‍റെ അദ്ധ്യക്ഷപ്രസംഗം നടത്തി. "ബൈബിളിന്‍റെ വെളിച്ചത്തില്‍ ജൂബിലി വര്‍ഷം നവീകരണത്തിന്‍റേയും കടങ്ങള്‍ ഇളച്ചുകൊടുക്കുന്നതിന്‍റെയും വീണ്ടും പുതുതായി തുടങ്ങുന്നതിന്‍റെയും അവസരമാണ്. പുന:രര്‍പ്പണത്തിന്‍റേയും പുതിയ വളര്‍ച്ചയുടേയും അവസരവുമാണ്.
ഏഴു പ്രാവശ്യം ഏഴുവര്‍ഷങ്ങള്‍ കൂടുമ്പോള്‍, പിറ്റേ വര്‍ഷം ജൂബിലി വര്‍ഷമാകുന്നു. തൈക്കാട്ടുശ്ശേരി പള്ളിക്കും പുതിയ ഉണര്‍വ്വിന്‍റെ, വളര്‍ച്ചയുടെ, പുന:രര്‍പ്പണത്തിന്‍റെ അവസരമാകട്ടെ ഈ ജൂബിലി വര്‍ഷ"മെന്ന് ആര്‍ച്ച് ബിഷപ്പ് ആശംസിച്ചു.
റവന്യു മന്ത്രി അഡ്വ. കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. "മറ്റുള്ളവര്‍ക്ക് നന്മ ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയും അവര്‍ക്കുവേണ്ടി ജീവിതംതന്നെ സമര്‍പ്പിക്കുകയും സ്നേഹത്തിന് വലിയ പ്രാധാന്യം നല്‍കുകയും ചെയ്ത ഒരു വലിയ വ്യക്തിത്വമാണ് സെന്‍റ് പോള്‍ എന്ന് ബൈബിള്‍ നമുക്ക് കാണിച്ചുതരുന്നത്. ആ വിശുദ്ധന്‍റെ പേരിലുള്ള അതിരൂപതയിലെ ഏക പള്ളി. ജൂബിലി പ്രമാണിച്ച് നടത്തിയ എല്ലാ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തി.
സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ മുഖ്യാതിഥിയായിരുന്നു. കരിയര്‍ ഡെവലപ്പ്മെന്‍റ് സെന്‍റര്‍, റിക്രിയേഷന്‍ സെന്‍റര്‍, കിഡ്സ് സെന്‍റര്‍ എന്നിവയുടെ ഉദ്ഘാടനം യഥാക്രമം ഇ.ടി. നീലകണ്ഠന്‍ മൂസ്സ്, സി.പി. പോളി, ഡോ. ഫ്ളറജിന്‍ തയ്യാലക്കല്‍ എന്നിവര്‍ നിര്‍വ്വഹിച്ചു.
യോഗത്തില്‍ ട്രസ്റ്റിമാരായ നിക്സന്‍ കോലഞ്ചേരി, വര്‍ഗ്ഗീസ് ചീനപ്പിള്ളി, ശരത്ത് മടത്തുംപടി, ജൂബിലി കണ്‍വീനര്‍ ഫ്രാന്‍സിസ് മുത്തിപീടിക എന്നിവരും കലാസദരന്‍ ഭാരവാഹികളായ ഫാ. ജിയോ തെക്കിനിയത്ത്, ബേബി മൂക്കന്‍, സിസ്റ്റര്‍ സ്റ്റെഫിന്‍, ഫാ. ലോറന്‍സ് എടക്കളത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
കൂടാതെ സുപ്പീരിയര്‍ സിസ്റ്റര്‍ എല്‍സി, സിസ്റ്റര്‍ സിനി, ഇടവകയിലെ വിവിധ തലത്തിലുള്ള ഭാരവാഹികളായ എം. ജെ. തോമസ്, ലിന്‍റ ജോസി കറുകമാലില്‍, അനൂപ് തോമസ്, ആന്‍ജോ പൊറുത്തൂര്‍, അന്ന റോസ് സെബു, മേരി ആന്‍റണി എന്നിവരും സംസാരിച്ചു.
നാടകമത്സര വിജയികളായ ഫാ. അജില്‍ മാങ്ങന്‍, സാബു തോമസ് മലയാറ്റൂര്‍, ഷാജി കാവുപുറത്ത് കോഴിക്കോട്, ഡോ. നിര്‍മ്മല ഡെന്നീസ്, സി.പി. ആന്‍റോ എന്നിവര്‍ മറുപടിപ്രസംഗം നടത്തി.
സമ്മേളനാനന്തരം കുട്ടികളുടെയും യുവാക്കളുടെയും വിവിധ കലാപരിപാടികളും സ്നേഹസല്‍ക്കാരവും ഉണ്ടായിരുന്നു.