ആഗോള ഭീകരതയെ വെള്ളപൂശാന്‍ ശ്രമിക്കുന്നത് അപകടകരം: ഷെവലിയര്‍ അഡ്വ. വി. സി. സെബാസ്റ്റ്യന്‍

ആഗോള ഭീകരതയെ വെള്ളപൂശാന്‍ ശ്രമിക്കുന്നത് അപകടകരം: ഷെവലിയര്‍ അഡ്വ. വി. സി. സെബാസ്റ്റ്യന്‍
Published on

കൊച്ചി: മനുഷ്യജീവന് വെല്ലുവിളി ഉയര്‍ത്തുന്ന ആഗോളഭീകരവാദത്തെ കേരളത്തിന്റെ മണ്ണില്‍ വെള്ളപൂശുവാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ബോധപൂര്‍വം ശ്രമിക്കുന്നത് വലിയ അപകടങ്ങള്‍ ഭാവിയില്‍ ക്ഷണിച്ചുവരുത്തുമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി. സി. സെബാസ്റ്റ്യന്‍.

ഭീകരതയും കൊലപാതകവുമല്ല സ്‌നേഹവും സമാധാനവുമാണ് ക്രൈസ്തവ മുഖമുദ്ര. രാജ്യാന്തര ഭീകരവാദത്തിന് താവളമാകുവാന്‍ ജനാധിപത്യ മതേതരത്വ വിശ്വാസമൂല്യങ്ങളില്‍ അടിയുറച്ചു നില്‍ക്കുന്ന സാക്ഷര കേരളത്തെ ഒരിക്കലും വിട്ടുകൊടുക്കരുത്. പഹല്‍ഗാം ഭീകരാക്രമത്തിനെതിരെ ഒറ്റക്കെട്ടായി ഭാരതസമൂഹം പ്രതിഷേധിച്ച് പ്രതികരിച്ചത് ഇന്ത്യയുടെ ഐക്യവും മഹത്വവുമാണ് വിളിച്ചറിയിക്കുന്നത്.

ലോകവ്യാപകമായി ക്രൈസ്തവര്‍ ഭീകരരുടെ അക്രമത്തിന് ഇരയാകുമ്പോള്‍ കേരളത്തിലെ പ്രബുദ്ധരെന്ന് കൊട്ടിഘോഷിക്കുന്നവര്‍ പോലും പ്രതികരണശേഷി നഷ്ടപ്പെട്ട് നിശബ്ദരാകുന്നത് സമൂഹത്തിന് അപമാനകരമാണ്. ഇറാഖില്‍ യസീദി ക്രൈസ്തവര്‍ക്കുനേരെ ഐ എസ് എസ് ഭീകരര്‍ നടത്തിയ കൂട്ടക്കൊലപാതകത്തിന്റെ രക്തക്കറ ഇനിയും ഉണങ്ങിയിട്ടില്ല.

ഇപ്പോഴിതാ ഡമാസ്‌കസില്‍ ഇസ്ലാമിക സ്‌റ്റേറ്റ് ഭീകര സംഘടന ക്രൈസ്തവ ദേവാലയത്തില്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 30-ല്‍ പരം മനുഷ്യ ജീവനാണ് എടുക്കപ്പെട്ടത്. ഇതിനെതിരെ ലോകം പ്രതിഷേധിക്കുമ്പോഴും കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതൃത്വങ്ങള്‍ ഒളിച്ചോട്ടം നടത്തുന്നത് ആശങ്കപ്പെടുത്തുന്നു.

പാലസ്തീനും ഗാസയ്ക്കും വേണ്ടി മുറവിളി കൂട്ടുന്നവരും ഹമാസ്, ഹിസ്ബുള്ള, ഹൂതി എന്നീ ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നവരും നൈജീരിയയിലും ബുര്‍ക്കിനഫാഡോ, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ മതഭീതകരവാദം കൊന്നൊടുക്കുന്ന ക്രൈസ്തവരുടെ നിലവിളികള്‍ കേള്‍ക്കാതെ പോകുന്നത് നിര്‍ഭാഗ്യകരമാണ്.

ഉത്തര കൊറിയ, സോമാലിയ, യെമന്‍, ലിബിയ, എരിത്രിയ, പാക്കിസ്ഥാന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, കോംഗോ, മ്യാന്‍മാര്‍, ചൈന, സിറിയ, ബംഗ്ലാദേശ് തുടങ്ങി വിവിധ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ നിരന്തരം ഭീകരവാദസംഘടനകളുടെ ആക്രമത്തിന് ഇരയാകുന്നു. നൈജീരിയായില്‍ 2025 മെയ് മാസം മാത്രം ഇസ്ലാമിക ഭീകരവാദം കൊലപ്പെടുത്തിയത് 635 ക്രിസ്ത്യാനികളെയാണ്. 2020 മുതല്‍ 3 വര്‍ഷങ്ങളില്‍ 16769 ക്രൈസ്തവരാണ് ഇവിടങ്ങളില്‍ ഭീകരവാദികളുടെ നിഷ്ഠൂരവധത്തിന് ഇരയായത്.

ലക്ഷക്കണക്കിന് വിശ്വാസികള്‍ പാലായനം ചെയ്തു. ക്രൈസ്തവര്‍ക്കുനേരെ നടക്കുന്ന ഭീകരാക്രമങ്ങളെ അപലപിക്കുവാനോ അതിനെതിരെ പ്രതികരിക്കുവാനോ ശ്രമിക്കാത്ത മതഭീകരതയുടെ രാഷ്ട്രീയ അടിമത്വം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ആക്രമങ്ങളും ആഘാതങ്ങളുമായി വരുംനാളുകളില്‍ ആഞ്ഞടിക്കുമെന്ന് തിരിച്ചറിയണമെന്നും മതഭീകരതയ്ക്കും മതസ്പര്‍ധയ്ക്കുമെതിരെ പരസ്പര സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും വാതിലുകള്‍ തുറക്കാന്‍ സമൂഹമനഃസാക്ഷി ഉണരണമെന്നും വി. സി. സെബാസ്റ്റ്യന്‍ അഭ്യര്‍ഥിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org