തിരുവനന്തപുരം ലത്തീൻ അതിരൂപതയില്‍ കേൾവി- സംസാര പരിമിതരുടെ സംഗമം നടത്തി

A gathering for the hearing and speech impaired was held in the Thiruvananthapuram Latin Archdiocese
Published on: 

തിരുവനന്തപുരം: ലത്തീൻ അതിരൂപതയിലെ കേൾവി - സംസാര പരിമിതരുടെ സംഗമം പുല്ലുവിള ഫെറോന ദേവാലയത്തിൽ കുടുംബപ്രേഷിത ശുശ്രൂഷയുടെ നേതൃത്വത്തിൽ നടന്നു. സെപ്തംബർ 27 ഞായറാഴ്ച നടന്ന പരിപാടിയിലെ അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള കേൾവി-സംസാര പരിമിതരായ നൂറിലധികം പേർ പങ്കെടുത്തു. സംഗമത്തിന്റെ ഭാഗമായി നടന്ന ദിവ്യബലിക്ക് പുല്ലുവിള ഫെറോന വികാരി റവ. ഡോ. ഡൈസൻ മുഖ്യകാർമികത്വം വഹിച്ചു.

നെയ്യാറ്റിൻകര രൂപത കുടുംബ ശുശ്രൂഷ ഡയറക്ടർ ഫാ. ജോസഫ് രാജേഷ് വചന വിചിന്തനവും ഫാ. ജൻസിറ്റൻ ആംഗ്യഭാഷയിൽ വിവർത്തനവും നടത്തി. തുടർന്ന് നടന്ന സ്നേഹവിരുന്നിന്‌ ശേഷം കേൾവി-സംസാര പരിമിതർക്കായുള്ള തൊഴിൽ പരിശീലനവും വിവിധ ഫെറോനകളുടെ നേതൃത്വത്തിൽ കലാപരിപാടികളും നടന്നു. ഉച്ചയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിൽ പുല്ലുവിള ഇടവക വികാരി ഫാ. ആന്റണി എസ്.ബി അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ഡോ. ക്രിസ്തുദാസ് ആർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോവളം എം.എൽ.എ അഡ്വ. വിൻസന്റ് മുഖ്യപഭാഷണവും റവ. ഡോ. ഡൈസൻ അനുഗ്രഹ പ്രഭാഷണവും നടത്തി.

പുല്ലുവിള ഇടവക സഹവികാരി ഫാ. ഐഷൻ, ഇടവക കൗൺസിൽ സെക്രട്ടറി സ്റ്റെല്ലസ് ഫ്രാൻസിസ്, കുടുംബ ശുശ്രൂഷ കൺ വീനർ ബിജു സ്റ്റീഫൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സമ്മേളനത്തിൽ വിവിധതലങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച കേൾവി- സംസാര പരിമിതരായവരെ ആദരിച്ചു. അതിരൂപത കുടുംബപ്രേഷിത ശുശ്രൂഷ ഡയറക്ടർ ഫാ. റിച്ചാർഡ് സക്കറിയ സ്വാഗതവും, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ലീൻ എം. കൃതജ്ഞതയും രേഖപ്പെടുത്തി. കേൾവി – സംസാര പരിമിതരുടെ ആത്മീയ അജപാലനവും ജീവിതാന്തസ്സും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കുടുംബ ശുശ്രൂഷയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന എഫ്ഫാത്ത ഫോറത്തിന്റെ കീഴിലാണ്‌ സംഗമം നടന്നത്.

logo
Sathyadeepam Online
www.sathyadeepam.org