നാവ് പുനർനിർമ്മിച്ച് സംസാരശേഷി വീണ്ടെടുത്തു എൽ. എഫ്. ആശുപത്രിക്ക് നേട്ടം

അങ്കമാലി: നാവിനു കാൻസർ ബാധിച്ചു ഭക്ഷണം ഇറക്കാനും സംസാരിക്കാനും ബുദ്ധിമുട്ടുന്ന അവസ്ഥയിൽ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിയ തൃശൂർ സമ്പാളൂർ സ്വദേശി സി എ ഫ്രാൻസിസ് (72) എന്നയാൾക്ക്‌ സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ സൗഖ്യം. കാൻസർ ബാധിച്ച നാവിന്റെ ഭാഗം നീക്കം ചെയ്തിട്ടും മറ്റൊരു ശസ്ത്രക്രിയയിലൂടെ നാവു പുനർനിർമ്മിച്ചു നൽകിയാണ് സംസാരശേഷി വീണ്ടെടുത്തത്. രോഗിക്ക് നാവിൽ നിന്നും ടോൺസിൽസിലേക്കും കഴുത്തിലെ കഴലയിലേക്കും കാൻസർ പടർന്നിരുന്നു. ഈ ഭാഗവും നീക്കം ചെയ്യേണ്ടി വന്നു. തുടർന്ന് നെഞ്ചിലെ പേശിയിൽ നിന്ന് ഒരു ഭാഗമെടുത്ത്, മുറിച്ചു മാറ്റപ്പെട്ട നാവിന്റെ ഭാഗം പുനർനിർമ്മിച്ചു നൽകുകയായിരുന്നു.

ശസ്ത്രക്രിയ കഴിഞ്ഞു മൂന്നാഴ്ചക്കു ശേഷം സൗഖ്യം ലഭിച്ച രോഗിയെ കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്തു. സങ്കീർണ്ണവും അപൂർവ്വവുമായ ‘ഹെമിഗ്ലോസക്ടമി വിത്ത് മോഡിഫൈഡ് റാഡിക്കൽ നെക്ക് ഡിസെക്ഷൻ ആൻഡ് പെക്ടോറാലിസ് മേജർ മായോക്യൂട്ടേനിയേസ് ഫ്ലാപ് ‘ ( Hemiglossectomy with modified radical neck dissection and Pectoralis major Myocutaneous flap) എന്ന ശസ്ത്രക്രിയ വഴിയാണ് സൗഖ്യം ലഭിച്ചത്. പത്ത് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് ഇ.എൻ.ടി ആൻഡ് ഹെഡ്നെക്ക് സർജറി വിഭാഗം മേധാവി ഡോ. പ്രശോഭ് സ്റ്റാലിൻ നേതൃത്വം നൽകി. ഡോ. പി.പി സന്തോഷ് കുമാർ , ഡോ. മഞ്ജു മാത്യു എന്നിവരും ശസ്ത്രക്രിയാ സംഘത്തിലുണ്ടായിരുന്നു. ഇവരെ ഡയറക്ടർ ഫാ. ഡോ. വർഗ്ഗീസ് പൊട്ടയ്ക്കലിന്റെ നേതൃത്വത്തിൽ അഭിനന്ദിച്ചു. ജോയിന്റ് ഡയറക്ടർ ഫാ, തോമസ് വാളൂക്കാരൻ, അസിസ്റ്റന്റ് ഡിറക്ടർമാരായ ഫാ. വർഗ്ഗീസ് പാലാട്ടി, ഫാ. റോക്കി കൊല്ലംകുടി, ജനറൽ മാനേജർ ജോസ് ആൻറണി എന്നിവരും സന്നിഹിതരായിരുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org