തിരുമുടിക്കുന്ന് ഹൈരാര്‍ക്കി മെമ്മോറിയല്‍ സ്‌കൂള്‍ ശതാബ്ദി സമാപിച്ചു

തിരുമുടിക്കുന്ന് ഹൈരാര്‍ക്കി മെമ്മോറിയല്‍ സ്‌കൂള്‍ ശതാബ്ദി സമാപിച്ചു
Published on

കൊരട്ടി: തിരുമുടിക്കുന്ന് വാലുങ്ങാമുറി എച്ച്. എം. എല്‍. പി. സ്‌കൂള്‍ ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും ശതാബ്ദി മന്ദിരത്തിന്റെ ഉദ്ഘാടനവും നടന്നു. കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കേരള സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു.

മികച്ച ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്കായി കണ്ടംകുളത്തി ഫാമിലി ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള സമര്‍പ്പണ്‍ അവാര്‍ഡ് ദാനം സി.എം.എഫ്. ഈസ്റ്റ് ഏഷ്യ ഡെലഗേഷന്‍ സുപീരിയര്‍ ഫാ. ജിജൊ കണ്ടംകുളത്തി നിര്‍വഹിച്ചു. നിര്‍ദ്ധനരായ രോഗികള്‍ക്ക് വീട് വച്ച് നല്‍കികൊണ്ടിരിക്കുന്ന യംഗ് എംപവര്‍മെന്റ് ട്രസ്റ്റിന്റെ സ്ഥാപകയും കാന്‍സര്‍ അതിജീവിതയുമായ കൊച്ചി തോപ്പുംപടി സ്വദേശി ജാന്‍സി ജേക്കബ്ബാണ് ഒരുലക്ഷം രൂപയും ഫലകവുമടങ്ങുന്ന സമര്‍പ്പണ്‍ അവാര്‍ഡിന് അര്‍ഹയായത്.

കഴിഞ്ഞ മുപ്പതു വര്‍ഷങ്ങള്‍ക്കിടെ നൂറുകണക്കിനു വിദ്യാര്‍ഥികള്‍ക്ക് ഇവര്‍ സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാക്കുകയും ദരിദ്രരായവര്‍ക്ക് മുപ്പതോളം വീടുകള്‍ നിര്‍മ്മിച്ചു നല്‍കുകയും കാന്‍സര്‍ രോഗികള്‍ക്കു സഹായമെത്തിക്കുകയും ചെയ്തിട്ടുണ്ട്.

സ്‌കൂളില്‍ അധ്യാപനം നിര്‍വഹിച്ച് വിരമിച്ച പൂര്‍വ്വ അധ്യാപകരെ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. തോമസ് നങ്ങേലിമാലില്‍ ആദരിച്ചു. ഡോ. ഫാ. ലോറന്‍സ് തൈക്കാട്ടില്‍ സമ്മാന വിതരണം നടത്തി.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലീല സുബ്രഹ്മണ്യന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇന്ദിര പ്രകാശ്, വൈസ് പ്രസിഡന്റ് ഷൈനി ഷാജി, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നൈനി റിച്ചു, മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ മാടശ്ശേരി, ശതാബ്ദി ആഘോഷ ജനറല്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ. കെ. ആര്‍. സുമേഷ്, ഹെഡ് മിസ്ട്രസ് ജിജി പൗലോസ്, മുന്‍ അധ്യാപകന്‍ പി. ഒ. ദേവസി, ജിജി ജോര്‍ജ്, പി.ടി.എ. പ്രസിഡന്റ് ലിജോ ജോസ്, ബിജോയ് പെരേപ്പാടന്‍, ഷിജു ആച്ചാണ്ടി, ജോയ് ജോണ്‍, ബിനു മഞ്ഞളി, വറീത് കണ്ടംകുളത്തി, സ്വപ്ന ഷാജു, ആന്‍ലിയ ബിനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

സീറോ മലബാര്‍ സഭയുടെ ഭരണത്തിനായി എറണാകുളം ആസ്ഥാനമാക്കി 1923 ല്‍ പീയൂസ് പതിനൊന്നാമന്‍ മാര്‍പാപ്പ, സീറോ മലബാര്‍ ഹൈരാര്‍ക്കി സ്ഥാപിച്ചതിന്റെ സ്മാരകമായിട്ടാണ് 1924 ല്‍ കൊരട്ടിപ്പള്ളിയുടെ നേതൃത്വത്തില്‍ ഈ സ്‌കൂള്‍ സ്ഥാപിച്ചത്. ഈ പരിസരത്തേക്ക് തിരുമുടിക്കുന്ന് എല്‍ എഫ് പള്ളിയുടെ മുമ്പിലൂടെയുള്ള റോഡും ഹൈരാര്‍ക്കി റോഡ് എന്നാണ് അറിയപ്പെടുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org