ലഹരിക്കെതിരെ 'കവച'വുമായി തിരുമുടിക്കുന്ന് ഇടവക

ലഹരിക്കെതിരെ 'കവച'വുമായി തിരുമുടിക്കുന്ന് ഇടവക
Published on

തിരുമുടിക്കുന്ന്: രാസലഹരിക്കും മയക്കുമരുന്നിനുമെതിരായ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കര്‍മ്മപദ്ധതിയായ 'കവചം' തിരുമുടിക്കുന്ന് ലിറ്റില്‍ ഫ്‌ളവര്‍ ഇടവകയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. കുടുംബയൂണിറ്റ് കേന്ദ്രസമിതിയുടെ നേതൃത്വത്തിലുള്ള കവചത്തിന്റെ ആദ്യഘട്ടമായ ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായ ഇരുചക്രവാഹനറാലി നവംബര്‍ 23 ഞായറാഴ്ച രാവിലെ നടന്നു. റാലിക്കുമുമ്പായി പള്ളിയങ്കണത്തില്‍ ഷിറ്റോ റിയു കരാട്ടേ സ്‌കൂളിന്റെ നേതൃത്വത്തില്‍ പരിശീലകരും വിദ്യാര്‍ഥികളും ചേര്‍ന്നുള്ള കരാട്ടേ പ്രദര്‍ശനം നടത്തി.

കരാട്ടേ അന്താരാഷ്ട്ര താരമായ ടി വി ഭാഗി, സിനോ ഡേവീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ഇരുചക്ര വാഹനറാലി ചാലക്കുടി റേഞ്ച് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ കെ രാജു ഫ്‌ളാഗ് ഓഫ് ചെയ്തു. വികാരി ഫാ. പോള്‍ മൂഞ്ഞേലി, കേന്ദ്രസമിതി വൈസ് ചെയര്‍മാന്‍ അവറാച്ചന്‍ തച്ചില്‍, കൈക്കാരന്മാരായ ബെന്നി വല്ലൂരാന്‍, ഷിബു തയ്യില്‍, ജെയിംസ് കണ്ടംകുളത്തി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചിറങ്ങര, പൊങ്ങം, മുടപ്പുഴ, ഗാന്ധിഗ്രാം ത്വക് രോഗാശുപത്രി, കോനൂര്‍, വാലുങ്ങാമുറി തുടങ്ങിയ സ്ഥലങ്ങളിലൂടെ 15 കിലോമീറ്റര്‍ ചുറ്റിസഞ്ചരിച്ചു വാഹനറാലി പള്ളിയില്‍ സമാപിച്ചു.

വൈകീട്ട് ലഹരിവിരുദ്ധ സന്ദേശവിളംബരയാത്ര സംഘടിപ്പിച്ചു. വിളംബരയാത്രാ സംഘം ഇടവകയുടെ ഒമ്പതു കേന്ദ്രങ്ങളിലെത്തി ഫ്‌ളാഷ് മോബും തെരുവുനാടകവും അവതരിപ്പിച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ കെ രാജു, ബ്രദര്‍ ഫിലിപ് തൂനാട്ട് എന്നിവര്‍ ലഹരിവിരുദ്ധ പ്രഭാഷണങ്ങള്‍ നടത്തി. 25 പെണ്‍കുട്ടികള്‍ പങ്കെടുത്ത ഫ്‌ളാഷ് മോബിനും 15 പേര്‍ അഭിനയിച്ച മായാവലയം എന്ന തെരുവുനാടകത്തിനും സഹവികാരി ഫാ. ജെയിംസ് അമ്പലത്തിലും സിസ്റ്റേഴ്‌സും ഭാരവാഹികളും നേതൃത്വം നല്‍കി. തെരുവുനാടകത്തിന്റെ രചന ലിബിന്‍ ബെന്നി പ്ലാക്കലും സംവിധാനം എബിന്‍ തോമസ് പുതുശേരിയും നിര്‍വഹിച്ചു.

കവചത്തിന്റെ അടുത്ത ഘട്ടങ്ങളില്‍ ലീഡേഴ്‌സ് ട്രെയിനിംഗ്, ഭവനസന്ദര്‍ശനം, ക്ലാസുകള്‍, സാംസ്‌കാരിക പരിപാടികള്‍, കലാകായിക മത്സരങ്ങള്‍ തുടങ്ങിയവ നടത്തും. വിമുക്തി ഡി അഡിക്ഷന്‍ സെന്ററിന്റെ സഹകരണത്തോടെ കൗണ്‍സലിംഗ്, ചികിത്സ എന്നിവയും ഏര്‍പ്പെടുത്തുന്നുണ്ട്. പോലീസ്, എക്‌സൈസ്, ആരോഗ്യവകുപ്പുകള്‍ കവചത്തിനു പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് വികാരി ഫാ. പോള്‍ മൂഞ്ഞേലി, വൈസ് ചെയര്‍മാന്‍ അവറാച്ചന്‍ തച്ചില്‍ എന്നിവര്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org