ദേശീയ വിദ്യാഭ്യാസനയം അധികം ആശങ്കകള്‍ ഉണര്‍ത്തുമ്പോഴും നയരേഖയിലെ വെല്ലുവിളികളെ കത്തോലിക്കാസഭ വളര്‍ച്ചയുടെ അവസരങ്ങളാക്കി മാറ്റണമെന്ന് ബിഷപ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്. കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷന്‍ സംഘടിപ്പിച്ച കത്തോലിക്കാ സ്‌കൂള്‍ മാനേജര്‍മാരുടെ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു സന്ദേശം നല്‍ കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥി കേന്ദ്രീകൃത വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന തിരിച്ചറിവ് നമ്മുടെ സ്ഥാപനങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന്റെ ലക്ഷ്യമായി മാറണം. സഭയുടെ പ്രേഷിതരംഗമാണ് വിദ്യാഭ്യാസം. ഇന്ന് ലാഭം കൊയ്യുന്ന മേഖലയായി പരിണമിപ്പിക്കുന്ന കോര്‍പറേറ്റുകളുടെ വരവ് സഭയ്ക്ക് വലിയൊരു വെല്ലുവിളിയാണ്. ലാഭേച്ഛയില്ലാത്ത പ്രേഷിതരംഗമാണെന്ന് സാക്ഷ്യം നല്‌കേണ്ട കാലഘട്ടത്തില്‍ ഈ നയരേഖ നമുക്കു സഹായകമാകണം – ബിഷപ് ഇഗ്‌നാത്തിയോസ് അനുസ്മരിപ്പിച്ചു.
32 കത്തോലിക്കാ രൂപതകളിലെ മാനേജര്‍മാരും സന്യസ്ത സമൂഹങ്ങളുടെ മാനേജര്‍മാരുമായി 80 പേര്‍ ശില്പശാലയില്‍ പങ്കെടുത്തു. പി.ഒ.സി. ഡയറക്ടര്‍ ഫാ. ജേക്കബ് പാലയ്ക്കാപിള്ളി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ കമ്മീഷന്‍ പ്രസിദ്ധീകരിച്ച ദേശീയ വിദ്യാഭ്യാസനയത്തിന്റെ കൈപുസ്തകം പ്രതിപാദിക്കുന്ന ഇരുപതിന കര്‍മപരിപാടി സമയ ബന്ധിതമായി നടപ്പിലാക്കാന്‍ സമ്മേളനം ആവശ്യപ്പെട്ടു. ഫാ. സേവ്യര്‍ കുടിയാംശ്ശേരിയുടെ നേതൃത്വത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍, ഷെവലിയാര്‍ ഡോ. എഡ്വേര്‍ഡ് എടേഴത്ത്, ഫാ. സിജു എളംകുന്നപ്പുഴ, സിസ്റ്റര്‍ ലിസ്സി ചക്കാലക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. കമ്മീഷന്റെ വാര്‍ഷിക കര്‍മപരിപാടി സെക്രട്ടറി ഫാ. ചാള്‍സ് ലെയോണ്‍ അവതരിപ്പിച്ചു.