
ഫോട്ടോ അടിക്കുറിപ്പ്: (ഫോട്ടോ 1) കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധി സംഗമത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ത്രേസ്യാമ്മ കുരുവിള, ഫാ. സുനില്‍ പെരുമാനൂര്‍, വി.എം. ചാക്കോ, ഫാ. ജേക്കബ്ബ് മാവുങ്കല്‍, ജോര്‍ജ്ജ് കുര്യന്‍, ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, റ്റോമി ജോണ്‍ എന്നിവര്‍ സമീപം.
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സ്വാശ്രയ സംഘ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച ജനപ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. ജനപ്രതിനിധികള്‍ ജനക്ഷേമത്തിന്റെയും നന്മയുടെയും വക്താക്കളാകണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നാടിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തന ശൈലിയാണ് ജനപ്രതിനിധികള്‍ അനുവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ്ബ് മാവുങ്കല്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ വി.എം ചാക്കോ, കോട്ടയം ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോര്‍ജ്ജ് കുര്യന്‍, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, മുത്തോലി ഗ്രാമപഞ്ചായത്ത് മെമ്പര്‍ റ്റോമി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് ജനപ്രതിനിധികളെ പൊന്നാടയും മൊമന്റോയും നല്‍കി മാര്‍ മാത്യൂ മൂലക്കാട്ട് ആദരിച്ചു. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ നിന്നായുള്ള മുപ്പത്തിയൊന്ന് ജനപ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുത്തു.