ജനകീയ വിഷയങ്ങളില്‍ സഭയുടെ സാമൂഹ്യ ഇടപെടലുകള്‍ ശക്തമായി തുടരും: മാര്‍ ജോസ് പുളിക്കല്‍

ജനകീയ വിഷയങ്ങളില്‍ സഭയുടെ സാമൂഹ്യ ഇടപെടലുകള്‍ ശക്തമായി തുടരും: മാര്‍ ജോസ് പുളിക്കല്‍

ഫോട്ടോ അടിക്കുറിപ്പ്: കാഞ്ഞിരപ്പളളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ വെബ് കോണ്‍ഫറന്‍സ് മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്യുന്നു. ചാന്‍സലറും വികാരിജനറാളുമായ റവ.ഡോ.കുര്യന്‍ താമരശേരി, സിഞ്ചെല്ലൂസ് ഫാ.ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ.ജോസഫ് വെള്ളമറ്റം, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ എന്നിവര്‍ സമീപം.

കാഞ്ഞിരപ്പള്ളി: ജനങ്ങളുടെ ജീവനും ജീവിത മാര്‍ഗ്ഗങ്ങള്‍ക്കും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന വിഷയങ്ങളില്‍ കത്തോലിക്കാസഭയുടെ സാമൂഹ്യ ഇടപെടല്‍ ശക്തമായി തുടരുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍ ജോസ് പുളിക്കല്‍.

രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷിക്കപ്പെടണം. പക്ഷെ മണ്ണില്‍ പണിയെടുത്ത് മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന കര്‍ഷകനെ ആട്ടിപ്പായിച്ചുകൊണ്ടാകരുത്. വന്യജീവി സങ്കേതങ്ങളുടെ സംരക്ഷണത്തിനുവേണ്ടി കര്‍ഷകരുടെ റവന്യൂ ഭൂമി കയ്യേറി ബഫര്‍ സോണായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങളും നിരോധനങ്ങളും നടപ്പിലാക്കാന്‍ അനുവദിക്കില്ല. പരിഷ്‌കരിച്ച പട്ടയഉത്തരവുകള്‍ ജനദ്രോഹപരമാണെന്നും സര്‍ക്കാര്‍ പുനഃര്‍ചിന്തയ്ക്ക് വിധേയമാകണമെന്നും മാര്‍ പുളിക്കല്‍ സൂചിപ്പിച്ചു.

രൂപതാ സിഞ്ചെല്ലൂസും ചാന്‍സിലറുമായ റവ.ഡോ.കുര്യന്‍ താമരശ്ശേരി ആമുഖപ്രഭാഷണം നടത്തി. ചര്‍ച്ചകള്‍ക്ക് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ മോഡറേറ്ററായിരുന്നു. പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ.ജോസഫ് വെള്ളമറ്റം, സിഞ്ചെല്ലൂസ് ഫാ.ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, പ്രൊക്യുറേറ്റര്‍ റവ.ഫാ.മാര്‍ട്ടിന്‍ വെള്ളിയാംകുളം, വൈസ്ചാന്‍സിലര്‍ ഫാ.ജോസഫ് മരുതൂക്കുന്നേല്‍, ഇന്‍ഫാം ദേശീയ ഡയറക്ടര്‍ ഫാ.തോമസ് മറ്റമുണ്ടയില്‍, പാസ്റ്ററല്‍ ആനിമേഷന്‍ ഡയറക്ടര്‍ ഫാ.സ്റ്റാന്‍ലി പുള്ളോലിക്കല്‍, എസ്.എം.വൈ.എം ഡയറക്ടര്‍ ഫാ.വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ എഡ്യുക്കേഷന്‍ കമ്മീഷന്‍ സെക്രട്ടറി പ്രൊഫ.ബിനോ പി.ജോസ് പെരുന്തോട്ടം എന്നിവര്‍ വിഷയാവതരണങ്ങള്‍ നടത്തി.

കോവിഡ് 19ന്റെ പശ്ചാത്തലത്തിലുള്ള രൂപതയുടെ അജപാലന പ്രവര്‍ത്തനങ്ങള്‍, ഫ്രാന്‍സീസ് മാര്‍പാപ്പായുടെ മൂന്നാം ചാക്രികലേഖനം 'ഫ്രത്തേലി തൂത്തി', ദേശീയ വിദ്യാഭ്യാസനയംവെല്ലുവിളികള്‍ പ്രതീക്ഷകള്‍, ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ ക്രൈസ്തവ വിരുദ്ധത, സാമ്പത്തിക സംവരണം നടപ്പിലാക്കല്‍ പ്രക്രിയ, ബഫര്‍ സോണ്‍കാര്‍ഷിക പ്രശ്‌നങ്ങള്‍, പട്ടയപ്രതിസന്ധി, ആനുകാലിക, രാഷ്ട്രീയ, സാമുദായിക അവലോകനവും കാഴ്ചപ്പാടുകളും എന്നീ വിഷയങ്ങള്‍ പാസ്റ്ററല്‍ കൗണ്‍സില്‍ വിശദമായി ചര്‍ച്ചചെയ്തു.

ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ ക്രൈസ്തവ വിരുദ്ധ സമീപനം ന്യൂനപക്ഷ ക്ഷേമവകുപ്പ് അവസാനിപ്പിക്കണമെന്നും തുല്യനീതി നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംവരണേതര വിഭാഗത്തിന് സാമ്പത്തിക സംവരണമേര്‍പ്പെടുത്തിയ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നടപടിയെ സമ്മേളനം അഭിനന്ദിച്ചു. പി.എസ്.സി.നിയമനങ്ങളിലുള്‍പ്പെടെ മുന്‍കാലപ്രാബല്യമുണ്ടാകണമെന്നും സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ദേശീയ വിദ്യാഭ്യാസനയ നടത്തിപ്പുമായി കേന്ദ്രസര്‍ക്കാര്‍ മേേുന്നാട്ടുനീങ്ങുമ്പോള്‍ അതിനനുസരിച്ച് മാറ്റങ്ങള്‍ക്ക് വിധേയമാകുവാന്‍ വിദ്യാഭ്യാസമേഖല ഉണരണമെന്നും സമ്മേളനം മുന്നറിയിപ്പു നല്‍കി.

ആനുകാലിക, രാഷ്ട്രീയ, സാമുദായിക അവലോകനവും കാഴ്ചപ്പാടുകളും പാസ്റ്ററല്‍ കൗണ്‍സിലിലെ മുഖ്യചര്‍ച്ചാവിഷയമായിരുന്നുവെന്നും വിവിധ തലങ്ങളിലെ തുടര്‍ചര്‍ച്ചകള്‍ക്കുശേഷം വ്യക്തമായ നിലപാടുകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വരുംദിവസങ്ങളില്‍ രൂപീകരിക്കുമെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി വി.സി.സെബാസ്റ്റ്യന്‍ അറിയിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org