സഭൈക്യത്തെ കുറിച്ചുള്ള ഒരു മാര്‍ഗരേഖ (കൈപ്പുസ്തകം) ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സംഘം പ്രസിദ്ധീകരിച്ചു. 'എല്ലാവരും ഒന്നാകേണ്ടതിന്: സഭൈക്യം കത്തോലിക്കാവീക്ഷണത്തില്‍' എന്ന രേഖ ഇന്ത്യയിലെയും നേപ്പാളിലെയും പേപ്പല്‍ സ്ഥാനപതി ആര്‍ച്ചുബിഷപ് ലിയോപോള്‍ഡ് ജിറെല്ലിയാണു പ്രകാശനം ചെയ്തത്. എല്ലാ ക്രൈസ്തവര്‍ക്കുമിടയില്‍ ഐക്യം പുനസ്ഥാപിക്കുന്നതിനു സഹായിക്കുകയാണ് മാര്‍ഗരേഖയുടെ ലക്ഷ്യം.
പ്രാര്‍ത്ഥനയിലൂടെയും സംഭാഷണത്തിലൂടെയും ക്രൈസ്തവൈക്യം സാദ്ധ്യമാക്കുക എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ആഹ്വാനമാണ് പുസ്തകം മുന്നോട്ടു വയ്ക്കുന്നതെന്ന് ആര്‍ച്ചുബിഷപ് ജിറെല്ലി പറഞ്ഞു. സഭൈക്യസംഭാഷണങ്ങള്‍ക്കുള്ള മതിയായ പരിശീലനം ഇന്ത്യയിലെ എല്ലാ സഭകളിലും വളര്‍ത്തേണ്ടതുണ്ടെന്നു അദ്ദേഹം വ്യക്തമാക്കി.
സഹോദരീസഭകള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ ക്രൈസ്തവസഭകളേയും മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഈ കൈപ്പുസ്തകമെന്നു ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. സ്റ്റീഫന്‍ ആലത്ര പ്രസ്താവിച്ചു. പുസ്തകപ്രകാശനത്തില്‍ ദല്‍ഹി ആര്‍ച്ചുബിഷപ് അനില്‍ കൂട്ടോ, ഫരീദാബാദ് ആര്‍ച്ചുബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര, മെത്തോഡിസ്റ്റ് ചര്‍ച്ച് ബിഷപ് സുബോധ് സി മൊണ്ടാല്‍, ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് ബിഷപ് ജോണ്‍ മാര്‍ ഐറേനിയോസ്, സി ബി സി ഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജെര്‍വിസ് ഡിസൂസാ തുടങ്ങിയവര്‍ പങ്കെടുത്തു.