സമൂഹത്തില്‍ നടമാടുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ - സര്‍ക്കാര്‍ നിലപാടുകള്‍ അപകടകരം: കെസിബിസി

കൊച്ചി: കേരളസമൂഹത്തില്‍ ചില തീവ്രവാദ സംഘടനകളുടെ സാന്നിധ്യമുണ്ടെന്നും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നും നിരവധി മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടുള്ളതാണ്. സമീപകാലത്തെ ചില സംഭവങ്ങളില്‍നിന്ന് ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടെന്നും വ്യക്തമായിട്ടുണ്ട്. കഴിഞ്ഞയിടെ കേരളഹൈക്കോടതി തന്നെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചില സംഘടനകളെക്കുറിച്ച് പരാമര്‍ശിക്കുകയുണ്ടായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലും ശരിയായ വിധത്തില്‍ ഇടപെടലുകള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ദുരൂഹമാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പലപ്പോഴും ആരോപണവിധേയമായിട്ടുള്ള ഒരു സംഘടനയുടെ പൊതുപരിപാടിക്കിടയില്‍ ഒരു കൊച്ചുകുട്ടി വിളിച്ചുകൊടുക്കുന്ന മുദ്രാവാക്യങ്ങള്‍ കേരളം നടുക്കത്തോടെയാണ് കേട്ടത്. തങ്ങളെ എതിര്‍ക്കുന്നവരെ കൊന്നൊടുക്കാന്‍ മടിക്കുകയില്ല എന്ന ഭീഷണിയായിരുന്നു നൂറുകണക്കിന് പേര്‍ ഏറ്റുവിളിച്ച മുദ്രാവാക്യങ്ങളുടെ ഉള്ളടക്കം. അതീവഗുരുതരമായ ആ വിഷയത്തില്‍ പോലും യുക്തമായ നടപടി സ്വീകരിക്കാന്‍ മടിച്ചുനില്‍ക്കുന്ന സര്‍ക്കാര്‍, ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസംഗത്തില്‍ പറഞ്ഞു എന്ന കുറ്റം ചുമത്തപ്പെട്ട വ്യക്തിയെ ജയിലിലാക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുകയും ചെയ്യുന്നു. മത - വര്‍ഗീയ സംഘടനകളെ പ്രീണിപ്പിക്കുന്ന ഇത്തരം നിലപാടുകള്‍ രാജ്യസുരക്ഷയ്ക്കും, സംസ്ഥാനത്തിന്റെ ഭാവിക്കും അത്യന്തം ദോഷകരമാണ്. നിയമത്തിന് മുന്നില്‍ എല്ലാവരെയും തുല്യരായി പരിഗണിക്കാനും കൂടുതല്‍ ഗൗരവമുള്ള കുറ്റങ്ങളെ അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അന്വേഷണവിധേയമാക്കാനും നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org