

അങ്കമാലി: സീറോ മലബാർ സഭയുടെ ആരാധനാജീവിതത്തിന്റെ കേന്ദ്രമായ വിശുദ്ധ കുർബാനയുടെ ചരിത്രപരമായ രൂപീകരണം, വികാസം, ഏകീകരണം എന്നിവയെ ആസ്പദമാക്കി അങ്കമാലി സുബോധനയിൽ സംവാദ സദസ്സ് നടന്നു. സെപ്റ്റംബർ 28-ന് വൈകുന്നേരം 6 മുതൽ 8 വരെയായിരുന്നു പരിപാടി. വൈദികർ, സന്ന്യസ്തർ, വിവിധ മേഖലകളിൽ നിന്നുള്ള അത്മായർ എന്നിവർ പങ്കെടുത്തു.
ഫാ. ഡോ. ആന്റണി നരികുളം വിഷയാവതരണം നടത്തി. വിശുദ്ധ കുർബാനയുടെ ചരിത്രപശ്ചാത്തലം, കാലഘട്ടങ്ങളിലൂടെയുള്ള ആരാധനാക്രമപരമായ പരിണാമം, ഏകീകരണത്തിലേക്കുള്ള വിവിധ ഘട്ടങ്ങൾ എന്നിവ അദ്ദേഹം വിശദീകരിച്ചു.
തുടർന്ന് ഫാ. ഡോ. കുര്യാക്കോസ് മുണ്ടാടനും ശ്രീ. ബിജു തോമസ് കൂത്രപ്പിള്ളിയും പ്രതികരണങ്ങൾ നടത്തി. വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചുകൊണ്ട് സംവാദം തുടർന്നു. ഫാ. ഡോ. പോൾ തേലക്കാട്ട് മോഡറേറ്ററായി.
സുബോധന ഡയറക്ടർ ഫാ. ഡോ. ജോസഫ് പാത്താടൻ പരിപാടിക്ക് നേതൃത്വം നൽകി. സഭയുടെ ആരാധനാപാരമ്പര്യത്തെ ചരിത്രപരമായി മനസ്സിലാക്കുന്നതിനും വിശുദ്ധ കുർബാനയുടെ പരിണാമത്തെക്കുറിച്ച് കൂടുതൽ ആഴത്തിലുള്ള പഠനത്തിന് വഴിയൊരുക്കുന്നതിനും സംവാദ സദസ്സ് സഹായകമായി.