കാക്കനാട്: സീറോമലബാര്‍ സഭയില്‍ ഫരീദാബാദ്, ഉജ്ജയിന്‍, കല്യാണ്‍, ഷംഷാബാദ് രൂപതകളെ അതിരൂപതകളായി ഉയര്‍ത്തികൊണ്ടും മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ എന്നിവരെ മെത്രാപ്പോലീത്തന്‍ ആര്‍ച്ചുബിഷപ്പുസ്ഥാനത്തു നിയമിച്ചുകൊണ്ടും ബല്‍ത്തങ്ങാടി രൂപതാമെത്രാനായി ക്ലയീഷ്യന്‍ സന്യാസസമൂഹാംഗമായ ബഹു. ജെയിംസ് പട്ടേലില്‍ അച്ചനെയും അദിലാബാദ് രൂപതാധ്യക്ഷനായി സി എം ഐ സന്യാസസമൂഹാംഗമായ ബഹു. ജോസഫ് തച്ചാപറമ്പത്ത് അച്ചനെയും നിയമിച്ചുകൊണ്ടും കേരളത്തിനു പുറത്തുള്ള പന്ത്രണ്ടു രൂപതകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ചുകൊണ്ടും സീറോമലബാര്‍ സഭയുടെ പിതാവും തലവനുമായ മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് കല്പന പുറപ്പെടുവിച്ചു.
സീറോ മലബാര്‍ സഭാകേന്ദ്രത്തില്‍ ആഗസ്റ്റ് പതിനെട്ടാം തീയതി ആരംഭിച്ച മുപ്പത്തിമൂന്നാമതു മെത്രാന്‍ സിനഡിന്റെ രണ്ടാമത്തെ സമ്മേളനമാണ് പുതിയ അതിരൂപതകളെയും ആര്‍ച്ചുബിഷപ്പുമാരെയും പുതിയ രൂപതാമെത്രാന്മാരെയും രൂപതകളുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയത്തെയും സംബന്ധിച്ചുള്ള തീരുമാനമെടുത്തത്. സിനഡുതീരുമാനങ്ങള്‍ക്കു വത്തിക്കാന്റെ അംഗീകാരം ലഭിച്ചതോടെ മേജര്‍ ആര്‍ച്ചുബിഷപ്പ് ഇതു സംബന്ധിച്ച് കല്പനകള്‍ പുറപ്പെടുവിച്ചു. 2025 ആഗസ്റ്റ് 28 നു സഭയുടെ ആസ്ഥാന കാര്യാലയത്തില്‍ നടന്ന പൊതു സമ്മേളനത്തിലാണ് സിനഡു പിതാക്കന്മാരുടെ സാന്നിധ്യത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ് ഇക്കാര്യങ്ങള്‍ പ്രസിദ്ധപ്പെടുത്തിയത്. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഇറ്റാലിയന്‍ സമയം ഉച്ചയ്ക്ക് 12 മണിക്കു വത്തിക്കാനിലും നടന്നു.
ഫരീദാബാദ് കേന്ദ്രമായുളള പ്രോവിന്‍സില്‍ ബിജ്‌നോര്‍, ഗോരഖ്പൂര്‍ രൂപതകള്‍ സാമന്തരൂപതകളായിരിക്കും. ഫരീദാബാദ് രൂപതാദ്ധ്യക്ഷനായ മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര പിതാവാണ് മെത്രാപ്പോലീത്തന്‍ ആര്‍ച്ചുബിഷപ്പായി നിയമിതനായിരിക്കുന്നത്. ഉജ്ജയിന്‍ അതിരൂപതയുടെ സാമന്തരൂപതകളായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത് സാഗര്‍, സാറ്റ്‌ന, ജഗ്ദല്‍പൂര്‍ രൂപതകളാണ്.
ഉജ്ജയിന്‍ രൂപതാദ്ധ്യക്ഷനായ മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ പിതാവാണ് പുതിയ മെത്രാപ്പോലീത്തന്‍ ആര്‍ച്ചുബിഷപ്പ്. കല്ല്യാണ്‍ കേന്ദ്രമാക്കിയുളള പ്രോവിന്‍സില്‍ ഛാന്ദ, രാജ്‌കോട്ട് രൂപതകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കല്ല്യാണ്‍ രൂപതാ മെത്രാനായ മാര്‍ തോമസ് ഇലവനാല്‍ 75 വയസ്സു പൂര്‍ത്തിയായതിനെത്തുടര്‍ന്നു രാജി സമര്‍പ്പിച്ചതിനാല്‍, നിലവില്‍ സീറോമലബാര്‍ സഭയുടെ കൂരിയാമെത്രാനായ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ പിതാവു കല്ല്യാണ്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി നിയമിക്കപ്പെട്ടു. ഷംഷാബാദ് അതിരൂപതയുടെ സാമന്ത രൂപത അദിലാബാദ് രൂപതയാണ്. ഷംഷാ ബാദിലെ മെത്രാന്‍ മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ പിതാവാണ് പ്രോവിന്‍സിന്റെ മെത്രാപ്പോലീത്ത. തമിഴ്‌നാട്ടിലെ ഹൊസൂര്‍ രൂപത തൃശൂര്‍ അതിരൂപതയുടെ സാമന്ത രൂപതയാക്കിയും മേജര്‍ ആര്‍ച്ച്ബിഷപ് കല്പന നല്കിയിട്ടുണ്ട്.