

എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവനവിഭാഗമായ സഹൃദയയും എറണാകുളം നോര്‍ത്ത് റെയില്‍വേയും സംയുക്തമായി ചേര്‍ന്ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ സ്വച്ഛ് ഭാരത് ക്യാമ്പയിന് ആരംഭം കുറിച്ചു. കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ദ്വിദിന സ്വച്ഛ് ഭാരത് ക്യാമ്പയിനാണ് ലക്ഷ്യം വക്കുന്നതെന്ന് സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ അറിയിച്ചു. നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ വച്ചു നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം നോര്‍ത്ത് റെയില്‍വേ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അരുണ്‍ പി .എ 'ശുചിത്വ ഭാരതം' എന്ന ആശയത്തെ മുന്‍നിര്‍ത്തി മുഖ്യപ്രഭാഷണം നടത്തി. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളോടൊപ്പം, ഓണ്‍ലൈന്‍ മത്സരങ്ങളും സഹൃദയയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നുണ്ട്. സഹൃദയ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജിനോ ഭരണികുളങ്ങര, റെയില്‍വേ പോലീസ് എ.എസ്.ഐ പ്രകാശ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് എ.എസ്.ഐ ശ്രീ. ഷാജി എന്നിവര്‍ നേതൃത്വം നല്‍കി. സഹൃദയ സ്റ്റാഫ് അംഗങ്ങളും ഈ പരിപാടിയില്‍ പങ്കെടുത്തു.