സമാധാനത്തിനായി യത്‌നിക്കാന്‍ ഉയിര്‍പ്പുതിരുനാള്‍ നമ്മെ ആഹ്വാനം ചെയ്യുന്നു: കെസിബിസി

സമാധാനത്തിനായി യത്‌നിക്കാന്‍ ഉയിര്‍പ്പുതിരുനാള്‍ നമ്മെ ആഹ്വാനം ചെയ്യുന്നു: കെസിബിസി

കൊച്ചി: ലോകത്തിന് സമാധാനം ആശംസിച്ചവനും, മനുഷ്യവര്‍ഗത്തിന്റെ രക്ഷ സാധ്യമാക്കുന്നതിനായി കുരിശില്‍ സ്വയം യാഗമായി തീര്‍ന്നവനും മരണത്തെ അതിജീവിച്ച് നിത്യജീവന് മനുഷ്യരെ പ്രാപ്തനാക്കിയവനുമായ യേശുക്രിസ്തുവിന്റെ ഉയിര്‍പ്പാഘോഷിക്കുന്ന ഈ വേളയില്‍ പരസ്പരം സമാധാനം ആശംസിക്കാനും സമാധാനത്തിനായി യത്‌നിക്കാനും ഈ ഉയര്‍പ്പുതിരുനാള്‍ നമ്മോട് ആവശ്യപ്പെടുന്നു. കാരണം ലോകത്തിന്റെ സമാധാനം തകര്‍ക്കുക എന്ന ലക്ഷ്യവുമായി വിവിധ ഇടങ്ങളില്‍ കലഹങ്ങളും വര്‍ഗീയ സംഘട്ടനങ്ങളും സൃഷ്ടിച്ച് ഭീകരത പടര്‍ത്തുന്ന സംഘങ്ങള്‍ വര്‍ധിച്ചുവരികയാണ്. അവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനും അത്തരം സംഘങ്ങളുടെ ഭാഗമാകാതിരിക്കാനും എല്ലാ രാജ്യങ്ങളിലേയും പൗരന്മാര്‍ ജാഗ്രത പുലര്‍ത്തണം. ഇന്ത്യ എന്നും ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശം ഐക്യവും അഖണ്ഢതയുമാണ്. നാനാത്വത്തിന്റെ മഹത്വം ലോകത്തെ പഠിപ്പിക്കുന്ന ശ്രേഷ്ഠ സമൂഹമാണ് ഇവിടത്തേത്. ഇന്ത്യയുടെ വൈവിധ്യത്തെ ഇല്ലാതാക്കുവാനും ഐക്യം നഷ്ടപ്പെടുത്തുവാനും വര്‍ഗീയ ധ്രുവീകരണത്തിന്റേയും വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും അന്തരീക്ഷം സൃഷ്ടിക്കാനും ഇവിടെയും ചിലര്‍ ശ്രമിക്കുന്നുണ്ട്. അത്തരം ആളുകളിലേക്ക് സമാധാനത്തിന്റെയും ശാന്തിയുടെയും പ്രത്യാശയുടെതുമായ ഈ സന്ദേശം എത്തിച്ചേരട്ടെയെന്നും അങ്ങനെ അവരും സ്‌നേഹത്തിന്റെ വക്താക്കളാകാന്‍ ഉത്ഥിതനായ ഈശോയുടെ അനുഗ്രഹം കാരണമാകട്ടെയെന്നും പ്രത്യാശിക്കുന്നു എന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, സെക്രട്ടറി ജനറാള്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഏവര്‍ക്കും ഈസ്റ്ററിന്റെ മംഗളങ്ങള്‍ ആശംസിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org