വിശുദ്ധ കുര്‍ബാനയില്‍ നിന്നു ശക്തി സ്വീകരിക്കുക: ആര്‍ച്ചുബിഷപ് പാനികുളം

വിശുദ്ധ കുര്‍ബാനയില്‍ നിന്നു ശക്തി സ്വീകരിക്കുക: ആര്‍ച്ചുബിഷപ് പാനികുളം

വിശുദ്ധ കുര്‍ബാനയില്‍ നിന്നു ശക്തി സ്വീകരിച്ചു ക്രൈസ്തവജീവിതം ജീവകാരുണ്യമായി മുന്നോട്ടു കൊണ്ടുപോകണമെന്നു അപ്പസ്‌തോലിക് നുണ്‍ഷ്യോ ആയിരുന്ന ആര്‍ച്ചുബിഷപ് ജോര്‍ജ് പാനികുളം ആഹ്വാനം ചെയ്തു. ഇരിങ്ങാലക്കുട രൂപത ദിവ്യകാരുണ്യകോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ചുബിഷപ്. സെന്റ് തോമസ് കത്തീഡ്രല്‍ അങ്കണത്തില്‍ നടന്ന സമ്മേളനത്തില്‍ ബിഷപ് പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. കേരളസഭാനവീകരണത്തിന്റെയും രൂപത സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെയും മുന്നോടിയായിട്ടാണ് രൂപതയില്‍ ദിവ്യകാരുണ്യകോണ്‍ഗ്രസ് സംഘടിപ്പിക്കപ്പെട്ടത്.

മെയ് 19 നു രാവിലെ മുതല്‍ 7 കേന്ദ്രങ്ങളിലായി ദിവ്യകാരുണ്യസെമിനാറുകള്‍ ആരംഭിച്ചു. കോട്ടപ്പുറം ബിഷപ് അംബ്രോസ് പുത്തന്‍വീട്ടില്‍, ഫാ. ഡേവീസ് ചിറമ്മേല്‍, ഫാ. ജോയ് ചെഞ്ചേരില്‍ എം സി ബി എസ്, ഫാ. സെബാസ്റ്റ്യന്‍ ചാലക്കല്‍, ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍, ശശി നിര്‍മ്മല ഇമ്മാനുവല്‍, ഫാ. ഏലിയാസ്, ഫാ. ജെയിംസ് പള്ളിപ്പാട്ട് തുടങ്ങിയവര്‍ സെമിനാറുകള്‍ നയിച്ചു. തുടര്‍ന്ന് കത്തീഡ്രല്‍ ദേവാലയാങ്കണത്തില്‍ ദിവ്യകാരുണ്യ ആരാധനയും ദിവ്യബലിയും നഗരത്തിലൂടെ ദിവ്യകാരുണ്യ പ്രദക്ഷിണവും നടത്തി.

ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ വല്ലൂരാന്‍, തൃശ്ശൂര്‍ അതിരൂപത സഹായമെത്രാന്‍ ബിഷപ് ടോണി നീലങ്കാവില്‍ എന്നിവര്‍ ആരാധനയ്ക്കു നേതൃത്വം നല്‍കി. ദിവ്യബലിയില്‍ ബിഷപ് പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മ്മികനായി. പാലക്കാട് രൂപത ബിഷപ് പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ വചനസന്ദേശം നല്‍കി. രൂപത സിഞ്ചെല്ലുസ് മോണ്‍. ജോസ് മാളിയേക്കല്‍, ജനറല്‍ കണ്‍വീനര്‍ ഫാ. റിജോയ് പഴയാറ്റില്‍, കത്തീഡ്രല്‍ വികാരി ഫാ. ലാസര്‍ കുറ്റിക്കാടന്‍, ലിന്‍സണ്‍ ഊക്കന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. രൂപതയിലെ രണ്ടര ലക്ഷത്തോളം വിശ്വാസികളുടെ പ്രതിനിധികളായി പതിനയ്യായിരത്തോളംപേര്‍ ദിവ്യകാരുണ്യകോണ്‍ഗ്രസില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org