എട്ട് സെന്റ് പോള്‍ വൈദികര്‍ പൗരോഹിത്യ ജൂബിലി നിറവില്‍

എട്ട് സെന്റ് പോള്‍ വൈദികര്‍ പൗരോഹിത്യ ജൂബിലി നിറവില്‍
Published on

സൊസൈറ്റി ഓഫ് സെന്റ് പോള്‍ സന്യാസ സമൂഹത്തിന്റെ ഇന്ത്യ-യു കെ-അയര്‍ലന്‍ഡ് പ്രൊവിന്‍സിലെ എട്ട് വൈദികര്‍ പൗരോഹിത്യത്തിന്റെ രജത ജൂബിലി ആഘോഷിച്ചു. ഫാ. റോബര്‍ട്ട് കൊറിയ, ഫാ. ഹെര്‍മന്‍ ഡംഗ്ഡംഗ്, ഫാ. വിന്‍സന്റ് കുറ്റിക്കാട്ട്, ഫാ. ജോബി മാടന്‍, ഫാ. ജോസ് പുളിക്കകുന്നേല്‍, ഫാ. ദേവസ്യ പുതിയപറമ്പില്‍, ഫാ. വില്‍സണ്‍ തേക്കാനത്ത്, ഫാ. ഡൊമിനിക് ടിര്‍ക്കി എന്നിവരുടെ രജത ജൂബിലി ആഘോഷമാണ് ആഗസ്റ്റ് 20-ന് മുംബൈ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ വച്ച് നടന്നത്. സൊസൈറ്റി ഓഫ് സെന്റ് പോള്‍ സന്യാസസമൂഹത്തിന്റെ 110-ാമത് സ്ഥാപന വാര്‍ഷികദിനം കൂടിയായിരുന്നു അത്.

ജൂബിലേറിയന്മാര്‍ അര്‍പ്പിച്ച കൃതജ്ഞതാസമൂഹബലിയില്‍ കുടുംബാംഗങ്ങളും നിരവധി വൈദികരും സന്യസ്തരും പങ്കെടുത്തു.

ഫാ. ദേവസ്യ പുതിയപറമ്പില്‍ സുവിശേഷ പ്രസംഗം നടത്തി. തുടര്‍ന്ന് ചേര്‍ന്ന അനുമോദന സമ്മേളനത്തില്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ജോബി മാത്യു ജൂബിലേറിയന്മാരെ അഭിനന്ദിക്കുകയും അവര്‍ നല്‍കിയ സംഭാവനകള്‍ക്ക് നന്ദി അര്‍പ്പിക്കുകയും ചെയ്തു.

ഫാ. ജെയിംസ് അല്‍ബരിയോണെ, ഇറ്റലിയില്‍ സ്ഥാപിച്ച സൊസൈറ്റി ഓഫ് സെന്റ് പോള്‍ സന്യാസമൂഹം മാധ്യമങ്ങളിലൂടെയുള്ള സുവിശേഷപ്രഘോഷത്തിനാണ് ഊന്നല്‍ നല്‍കുന്നത്. 1938-ല്‍ ഇവര്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പുസ്തകങ്ങളുടെയും രണ്ട് ഇംഗ്ലീഷ് ആനുകാലികങ്ങളുടെയും പ്രസാധനത്തിനു പുറമേ, മുംബൈയിലും ബംഗളൂരുവിലുമായി രണ്ടു മീഡിയ കോളേജുകളും ഈ പ്രൊവിന്‍സ് നടത്തുന്നുണ്ട്.

ഇന്ത്യ-യു കെ-അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തി മുംബൈ ആസ്ഥാനമായി സ്വതന്ത്രമായ പ്രൊവിന്‍സ് 1965 ലാണ് നിലവില്‍ വന്നത്. ഈ പ്രൊവിന്‍സില്‍ ഇപ്പോള്‍ 140 ഓളം വൈദികര്‍ സേവനം ചെയ്യുന്നു. ഇപ്പോഴത്തെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ജോബി മാത്യു എസ് എസ് പി കോട്ടയം അതിരൂപതാംഗമാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org