
കാക്കനാട്: ലഹരിക്കെതിരെ വിദ്യാര്‍ഥികള്‍ ഏവരുടെയും കാവലാളുകള്‍ ആകണമെന്ന് ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് പറഞ്ഞു. തൃക്കാക്കര ഭാരത മാതാ കോളേജില്‍ ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ 'ലഹരിക്കെതിരെ ഞാനും' എന്ന സിഗ്‌നേച്ചര്‍ പ്രോഗ്രാമിന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരോ സര്‍ക്കാര്‍ സംവിധാനങ്ങളോ മാത്രം വിചാരിച്ചാല്‍ ലഹരിയുടെ വ്യാപനത്തെ ചെറുത്തു തോല്‍പിക്കാനാവില്ല. ലഹരിക്കെതിരെ വിദ്യാര്‍ഥികള്‍ മാത്രമല്ല, ഓരോ വ്യക്തിയും പ്രതിരോധ കോട്ട തീര്‍ക്കണം.
ഇനിയൊരാളും ലഹരിയുടെ വഴി തേടാന്‍ ഇടവരരുത്. ലഹരി കടന്നു വരുന്ന എല്ലാ മേഖലകളിലും ജാഗ്രതയോടെ നിലകൊണ്ട് ഭാവി തലമുറയ്ക്ക് രക്ഷാകവച മായി മാറണമെന്നും കളക്ടര്‍ തുടര്‍ന്നു പറഞ്ഞു.
ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ സിനോ സേവി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നശാ മുക്ത് ഭാരത് അഭിയാന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാരായ ഡോ. ജാക്‌സണ്‍ തോട്ടുങ്കല്‍, അഡ്വ. ചാര്‍ളി പോള്‍, ഭാരത മാതാ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സൗമ്യ തോമസ്,
എന്‍ എസ് എസ് പ്രോഗ്രാം ഓഫീസേഴ്‌സ് ആയ വി എം റോബിന്‍, സിസ്റ്റര്‍ ഡോ. റിന്റു വര്‍ഗീസ്, ഡോ. ലിന്‍സ് സൈമണ്‍, എന്‍ എസ് എസ് സെക്രട്ടറിമാരായ ആസിഫ് റഷീദ്, സോഫിയ ആന്റണി, ആദിത്യന്‍ വിജിത് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് ലഹരി ക്കെതിരെ നടന്ന സെമിനാറില്‍ ഡോ. ജാക്‌സണ്‍ തോട്ടുങ്കല്‍ ക്ലാസ് നയിച്ചു. ലഹരിക്കെതിരെ എല്ലാ കലാലയങ്ങളിലും സെമിനാറും സിഗ്‌നേച്ചര്‍ പ്രോഗ്രാമും നടത്തും.