മോനിക്കാമ്മ എന്നു പരിചയപ്പെട്ടവരെല്ലാം സ്നേഹാദരങ്ങളോടെ വിളിച്ച സിസ്റ്റർ മോനിക്ക സിഎസ്എൻ (88) നിര്യാതയായി. 1936 ൽ കറുകുറ്റിയിലെ പൈനാടത്ത് കുരിയപ്പൻ മറിയം ദമ്പതികളുടെ മൂത്ത മകളായി ജനിച്ച മോനിക്കാമ്മ നസ്രത്ത് സന്യാസ സഭയിൽ ചേർന്നു 1963 ൽ പ്രഥമ വ്രതാർപ്പണവും 1968 ൽ നിത്യ വ്രതാർപ്പണവും നടത്തി. 31 വർഷം സത്യദീപം വാരികക്കും വിയാനി പ്രിന്റിംഗ്സിനും വേണ്ടിയാണു ജോലി ചെയ്തത്. സത്യദീപത്തിന്റെ അച്ചടിക്കും പായ്ക്കിംഗിനും പതിറ്റാണ്ടുകൾ നേതൃത്വം നൽകി.
പ്രസിലെ ജീവനക്കാരുടെ പ്രിയപ്പെട്ട സഹോദരിയും അമ്മയുമായി ജീവിച്ചു. കഠിനമായി അധ്വാനിക്കാൻ മടിക്കാതിരുന്ന മോനിക്കാമ്മ അസാമാന്യമായ നർമ്മബോധത്തിനുടമയായിരുന്നു. വിയാനി-സത്യദീപം കുടുംബത്തിലെ കൂട്ടായ്മകളിലെല്ലാം അവിഭാജ്യഘടകമായിരുന്ന മോനിക്കാമ്മയുടെ പ്രസംഗങ്ങൾ ഓരോ വാക്കിലും പൊട്ടിച്ചിരിയുടെ അലകളുയർത്തിയിരുന്നു.
പ്രസിൽ മാത്രമല്ല, അയൽപക്കങ്ങളിലും മോനിക്കാമ്മ പ്രിയങ്കരിയായിരുന്നു. പാവപ്പെട്ട മനുഷ്യരെ കണ്ടെത്തുകയും പ്രത്യേകമായ സഹായങ്ങളെത്തിക്കുകയും ചെയ്യുന്നതു മോനിക്കാമ്മ ഒരു സ്വകാര്യമായ ജീവിതശൈലിയായി സ്വീകരിച്ചു.
തലയോലറമ്പ് മഠത്തിൽ സുപീരിയറായും ഇതരമഠങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. 2019 മുതൽ മോനിക്കാമ്മ എറണാകുളം കോൺവെന്റ് റോഡിലുള്ള ഭവനത്തിൽ മദ്ധ്യസ്ഥ പ്രാർത്ഥനയിൽ പങ്ക് ചേർന്ന് വിശ്രമജീവിതം നയിക്കുകയായിരുന്നു. 2023 ൽ ഇടക്കുന്നിലെ ശാന്തിഭവനിലേക്കു മാറി വിശ്രമജീവിതം തുടർന്നു. ഇടക്കുന്ന് സ്റ്റെല്ലാ മാരീസ് ആശുപത്രിയിൽ പരിചരണത്തിലായിരിക്കെ സെപ്തംബർ 28 നു രാവിലെയായിരുന്നു നിര്യാണം.
സെപ്തംബർ 30 നു രാവിലെ ഇടക്കുന്നിലെ സി എസ് എൻ മാതൃഭവനത്തിലായിരിക്കും മൃതസംസ്കാരകർമ്മങ്ങൾ.
സി. കരുണ CSN (late), മേരി (late), സി.ഡോറീസ് (late) എന്നിവരാണ് മോനിക്കാമ്മയുടെ സഹോദരങ്ങൾ.