സിറോ മലബാര്‍ സഭയുടെ സാമൂഹ്യ സേവന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സിറോ മലബാര്‍ സഭയുടെ സാമൂഹ്യ സേവന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കാക്കനാട്: സിറോമലബാര്‍ സഭയുടെ സാമൂഹ്യ സേവന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സിറോമലബാര്‍ സോഷ്യല്‍ ഡവലപ്‌മെന്റ് നെറ്റ്‌വര്‍ക്ക് (സ്പന്ദന്‍) ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് രൂപതാ വൈദികരുടെ വിഭാഗത്തില്‍ ഫാ. ജോസഫ് ചിറ്റൂര്‍ (മാനന്തവാടി രൂപത), സന്യസ്തരുടെ വിഭാഗത്തില്‍ സിസ്റ്റര്‍ ലിസെറ്റ് ഡി.ബി.എസ്. (ജഗ്ദല്‍പൂര്‍ രൂപത), അത്മായ വിഭാഗത്തില്‍ പി.യു. തോമസ്, നവജീവന്‍ ട്രസ്റ്റ്, കോട്ടയം (ചങ്ങനാശ്ശേരി അതിരൂപത) എന്നിവര്‍ അര്‍ഹരായി. അരലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. സിറോമലബാര്‍ സിനഡിനോടനുബന്ധിച്ച് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ 24നു നടക്കുന്ന ചടങ്ങില്‍ വച്ച് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അവാര്‍ഡ് സമര്‍പ്പിക്കും; സ്പന്ദന്‍ ചെയര്‍മാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അദ്ധ്യക്ഷത വഹിക്കും; സ്പന്ദന്‍ ചീഫ് കോര്‍ഡിനേറ്റര്‍ ഫാ. ജേക്കബ് മാവുങ്കല്‍ ചടങ്ങില്‍ സ്വാഗതം ആശംസിക്കും.

ഫാ. ജോസഫ് ചിറ്റൂര്‍ :

വയനാട് ഗോത്ര വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയില്‍ സാമൂഹ്യ ആരോഗ്യ പരിപാലന രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുള്ള ഫാ. ജോസഫ് ചിറ്റൂര്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷനില്‍ പോസ്റ്റ് ഗ്രാജ്വേറ്റാണ്; ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്നു.

സിസ്റ്റര്‍ ലിസെറ്റ് :

ജഗ്ദല്‍പൂര്‍ രൂപതയില്‍ ഛത്തീസ്ഗഢിലെ ബസ്ത്താര്‍ ജില്ലയിലുള്ള ഗാംഗലൂര്‍ ഗോത്ര വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയില്‍ പതിനായിരത്തില്‍പ്പരം കുട്ടികളുടേയും വിദ്യാഭ്യാസം മുടങ്ങിയ യുവജനങ്ങളുടെയുമിടയില്‍ തന്റെപ്രേഷിത പ്രവര്‍ത്തനം നടത്തുന്ന ബഹു. സിസ്റ്റര്‍ ലിസെറ്റ് സാമൂഹ്യ ശാസ്ത്രത്തില്‍ പോസ്റ്റ് ഗ്രാജ്വേറ്റാണ്; ദീന്‍ബന്ധു സമാജ് സഭാംഗമാണ്.

പി.യു. തോമസ് :

അനാഥരും ആലംബഹീനരുമായവരുടെ പുനഃരധിവാസത്തിനും പരിരക്ഷയ്ക്കുമായി 1991ല്‍ സ്ഥാപിതമായ നവജീവന്‍ ട്രസ്റ്റിന്റെ സ്ഥാപകനും മുഖ്യ പ്രവര്‍ത്തകനുമായ പി.യു. തോമസ് തന്റെ പതിനേഴാമത്തെ വയസ്സുമുതല്‍ പരാശ്രയമില്ലാത്തവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്കി വരുന്നു. ഇപ്പോള്‍ ദിവസേന അയ്യായിരത്തിലേറെ പേര്‍ക്ക് സൗജന്യമായി ഭക്ഷണം നല്കന്നു. ദേശീയവും അന്തര്‍ദേശീയവുമായ 250ല്‍ പരം പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള പി.യു. തോമസ്, 2016ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയില്‍ നിന്നും ബേനെ മെരേന്തി ആദരവിന് അര്‍ഹനായിട്ടുണ്ട്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org