മഴക്കാലത്ത് പാമ്പു കടി ഏറുന്നു! മുന്നറിയിപ്പുമായി വിഷചികിത്സാവിദഗ്ധര്‍

അങ്കമാലി: മഴക്കാലം ആരംഭിച്ചതിനു ശേഷം പാമ്പുകടിയേറ്റു ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നൂറോളം പേരാണ് ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ പാമ്പുകടിക്കു ചികിത്സ തേടി എത്തിയത് . മൂര്‍ഖന്‍, അണലി, ചുരുട്ട (മുഴമൂക്കന്‍, കുഴിമണ്ഡലി) എന്നീ വിഷ പാമ്പുകളുടെ കടിയേറ്റവരും ഇതില്‍ ഉള്‍പ്പെടുന്നു.

കഴിഞ്ഞയാഴ്ച മഞ്ഞപ്ര ഭാഗത്ത് സന്ധ്യാനേരത്ത് കോഴിക്കൂട് അടക്കാന്‍ പോയ ഒന്‍പതുകാരന് പാമ്പുകടിയേറ്റിരുന്നു. കടിച്ചത് ഏതു പാമ്പാണെന്ന് ആദ്യം മനസ്സിലായില്ല. എന്നാല്‍ പിന്നീട് ഛര്‍ദിയും മറ്റു ശാരീരികാസ്വസ്ഥതകളും മൂലം എല്‍ എഫ് ആശുപത്രിയില്‍ കൊണ്ടുവന്നപ്പോഴാണ് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റതായി സ്ഥിതീകരിച്ചത്. മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റാല്‍ ഛര്‍ദിക്കുപുറമെ കണ്‍പോളകള്‍ അടഞ്ഞുപോകുന്ന അവസ്ഥയും, ഉറക്കം വരാത്ത സ്ഥിതിയും ഉണ്ടാകും. എന്നാല്‍ അണലിയുടെ കടിയേറ്റാല്‍ രക്തം കട്ടപിടിക്കാനുള്ള ശേഷി നഷ്ടപ്പെടുകയും, രോമകൂപങ്ങളില്‍ നിന്നും, പല്ലിന്റെ വിടവില്‍ നിന്നും രക്തസ്രാവം ഉണ്ടാകാന്‍ സാധ്യതയുണ്ട്. കൂടാതെ രക്തം ഛര്‍ദിക്കാനും ഇടയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അണലി വിഷം വൃക്കകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. ഇക്കാരണങ്ങളാല്‍ ഏറ്റവും അപകടകാരിയായ വിഷം അണലിയുടേതാണെന്ന് വിലയിരുത്തുന്നു.

മഴക്കാലത്ത് മാളങ്ങളില്‍ വെള്ളം കയറുമ്പോള്‍ പാമ്പുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങാനും പാമ്പുകടിയേല്‍ക്കുന്നവരുടെ എണ്ണം കൂടാനും കാരണമാകുമെന്നും വിഷചികിത്സാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പാമ്പു കടിയേല്‍ക്കുന്നവര്‍ക്ക് ചികിത്സയുടെ ഭാഗമായി നല്‍കുന്ന പ്രതിവിഷം അതിന്റെ ഉത്പാദനം നടക്കുന്ന സ്ഥലത്ത് തന്നെ ചില ഘടകങ്ങള്‍ വേര്‍തിരിച്ച് ശുദ്ധീകരിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാനും ഫലപ്രാപ്തി കൂട്ടാനും രോഗികള്‍ക്ക് നല്‍കുന്ന പ്രതിവിഷത്തിന്റെ അളവും ആനുപാതികമായി ചികിത്സാ ചെലവും കുറയ്ക്കുവാന്‍ കഴിയുമെന്ന് ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലെ വിഷ ചികിത്സാ വിഭാഗത്തില്‍ ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തിയതായും ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍ അറിയിച്ചു

മുഴമൂക്കന്‍ (Humb nosed Pit Vipper) എന്ന പാമ്പിന് വിഷമുണ്ടെന്ന് ലോകത്താദ്യമായി കണ്ടുപിടിച്ചത് ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രി ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് നടത്തിയ ഗവേഷണ പഠനങ്ങളെ തുടര്‍ന്നാണെന്ന് സീനിയര്‍ ഫിസിഷ്യനും നെഫ്രോളജിസ്റ്റും പ്രശസ്ത വിഷ ചികിത്സവിദഗ്ധനുമായ ഡോ.ജോസഫ് കെ. ജോസഫ് അറിയിച്ചു..

മഴക്കാലത്ത് വെള്ളം കയറിയ ഇടങ്ങളില്‍ വെള്ളമിറങ്ങുമ്പോള്‍ വിഷപാമ്പുകളുടെ സാന്നിധ്യം ഉണ്ടാകാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതിനിടെ കേരളത്തില്‍ മഴക്കാലത്ത് പാമ്പുകടി കൂടുന്ന പശ്ചാത്തലത്തില്‍ അങ്കമാലി എല്‍. എഫ്. ആശുപത്രിയിലെ വിഷ ചികിത്സാ വിദഗ്ധരുമായി ആശയവിനിമയം നടത്തുന്നതിനായി ജര്‍മ്മനിയിലെ ഹൈഡല്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ ഇന്‌ഫെക്ഷിയസ് ഡിസീസസ് വിഭാഗം മേധാവി പ്രൊഫസ്സര്‍ ടി.തോമസ് ജഫ്, സ്വിറ്റ്‌സര്‍ലാന്‍ഡിലെ ബാസ്‌ക് ടി.പി.എച്ചിലെ ഡോ. മൗരോ ബോഡിസ് എന്നിവര്‍ ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ എത്തി ഇവിടത്തെ വിഷചികിത്സാ തീവ്ര പരിചരണ വിഭാഗത്തിലെ മെഡിക്കല്‍ ടീമുമായി ആശയവിനിമയം നടത്തിയിരുന്നു.

കടിയേറ്റയാളുടെ രക്തപരിശോധന നടത്തി കടിച്ചത് ഏതു തരം പാമ്പ് ആണെന്ന് തിരിച്ചറിയാനുള്ള പഠനം നിലവില്‍ നടന്നുവരുന്നു. കേരള യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് ഈ പഠനം. നിലവില്‍ ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ( ഐ.സി.എം. ആര്‍ ) ഇന്ത്യയിലെ പാമ്പുകടി ചികിത്സാ ഗവേഷണം എന്നിവ സംബന്ധിച്ച് നടത്തുന്ന പഠനങ്ങളുമായി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രി സഹകരിച്ചു വരുന്നുണ്ട്. ആശാവര്‍ക്കര്‍മാരുടെ സഹായത്തോടെയാണ് ഇതുസംബന്ധിച്ച ഡാറ്റ ശേഖരിച്ചു വരുന്നത്. പാമ്പുകടി, മരണം, അംഗവൈകല്യം, മറ്റ് സങ്കീര്‍ണ്ണ തകരാറുകള്‍, സാമൂഹികാഘാതം എന്നിവ ഈ പഠനത്തില്‍ ഉള്‍പ്പെടുന്നു.

മുഴമൂക്കന്‍ (ചുരുട്ട) പാമ്പു കടിച്ചാല്‍ ഉള്ള ചികിത്സക്ക് പ്രത്യേകം പ്രതിവിഷം കണ്ടെത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലെ പ്രശസ്ത വിഷ ചികിത്സാ വിദഗ്ധരായ ഡോ.ജോസഫ് കെ ജോസഫ്, ഡോ. തോമസ് രാജു പോള്‍, ഡോ. മനോജ് പി ജോസ് എന്നിവര്‍ പറഞ്ഞു.

സാധാരണ ഗതിയില്‍ ഏതാണ്ട് 2025 ആമ്പ്യുള്‍ പ്രതിവിഷമാണ് ഒരു രോഗിക്ക് നല്‍കേണ്ടിവരിക. എന്നാല്‍ നിലവിലുള്ള പ്രതിവിഷം ചില ഘടകങ്ങള്‍ നീക്കം ചെയ്തത് ശുദ്ധീകരണ പ്രക്രിയയ്ക്ക് വിധേയമാക്കി രോഗിക്ക് നല്‍കിയാല്‍ അതിന്റെ അളവ് 10 12 ആമ്പ്യുളായും ഒപ്പം പാര്‍ശ്വഫലങ്ങളും ഒരു പരിധി വരെ കുറയ്ക്കാനാവും. പാമ്പുകടിയേല്‍ക്കുന്നവരില്‍ ഭൂരിഭാഗവും പാവപ്പെട്ടവരായതിനാല്‍ പ്രതിവിഷത്തിന്റെ അളവ് പകുതിയാക്കുന്നത് പരോക്ഷമായി ചികിത്സ തേടുന്ന രോഗികള്‍ക്കെല്ലാം ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു..

പ്രതിവിഷം നിലവില്‍ പൂനെയിലെ പ്രീമിയം സിറം ആന്‍ഡ് വാക്‌സിന്‍ പ്രൈവറ്റ് ലിമിറ്റഡ് , വിന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഹൈദരാബാദ്, ഹാഫ് കിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മുംബൈ എന്നിവിടങ്ങളിലാണ് ഉദ്പാദിപ്പിക്കുന്നത്. പ്രതിവിഷ ശുദ്ധീകരണ പ്രക്രിയ അവിടെയാകും ആദ്യം ചെയ്യുക. ഇന്ത്യയില്‍ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിക്ക് പുറമെ സി.എം. സി. വെല്ലൂര്‍, ജിപ്‌മെര്‍ പോണ്ടിച്ചേരി , ഇസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വാര്‍ധ എന്നീ സ്ഥാപനങ്ങളെയാണ് ശുദ്ധീകരിച്ച പ്രതിവിഷം ഉപയോഗിച്ചുള്ള ചികിത്സയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് വിഷ ചികിത്സയില്‍ കാല്‍നൂറ്റാണ്ടായി ഗവേഷണം നടന്നുവരുന്നു. ഇവിടെ വിഷ ചികിത്സ തുടങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. ഒരേയിനത്തില്‍പെട്ട പാമ്പുകള്‍ക്ക് വ്യത്യസ്ത സ്ഥലങ്ങളില്‍ വിഷത്തിന്റെ വീര്യത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകുമെന്നും അതിനാല്‍ കേരളത്തില്‍ പ്രതിവിഷം ഉദ്പാദിപ്പിക്കേണ്ടത് കൂടുതല്‍ രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ അനിവാര്യമാണെന്ന് വിഷ ചികിത്സാ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org